നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കളമശ്ശേരി സ്വദേശി അഖിൽ സാബുവിനെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയെ തുടർന്ന് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. പ്രതിയെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
കൊച്ചി: നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കളമശ്ശേരി ഗ്ലാസ്സ് ഫാക്‌ടറി കോളനിയിൽ പെരിങ്ങോട്ടിൽ വീട്ടിൽ സാബുവിന്റെ മകൻ അഖിൽ സാബു (30) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കൊച്ചി സിറ്റി പോലീസ് പരിധിയിൽ കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കുറ്റകൃത്യങ്ങൾ പതിവാക്കി ക്രമസമാധാനത്തിന് ഭീഷണിയുയർത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരമാണ് ജില്ലാ കളക്ടർ പ്രതിക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ വരുംദിവസങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.


