കല്‍പ്പറ്റ: മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട മാനന്തവാടി പൊലീസ് സ്റ്റേഷന്‍ തുറന്നു. ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ സ്റ്റേഷന്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി. മൂന്നു ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷമാണ് ജില്ല പൊലീസ് മേധാവി സ്‌റ്റേഷന്‍ സന്ദര്‍ശനത്തിനായി എത്തിയത്. ചൊവ്വാഴ്ച പതിനൊന്നരയോടെയാണ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം പുനഃരാംരംഭിച്ചത്. 

13 പൊലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോഴുള്ളത്. ഇവര്‍ സ്റ്റേഷനകത്തെ ജോലികളാണ് ഇപ്പോള്‍ ചെയ്യുന്നത്. പതിമൂന്ന് പേരും നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിയവരാണ്. സ്റ്റേഷന് പുറത്തുള്ള പരിശോധനകള്‍, പട്രോളിങ് തുടങ്ങിയ ജോലികളില്‍ തല്‍ക്കാലം ഇവര്‍ പങ്കെടുക്കില്ല. രോഗം ബാധിച്ച പൊലീസുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തവരെ മാത്രമാണ് ഡ്യൂട്ടി ഏല്‍പ്പിച്ചിട്ടുള്ളത്. 

മറ്റ് ഉദ്യോസ്ഥര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജോലിയില്‍ പ്രവേശിക്കുമെന്ന്  ജില്ല പൊലീസ് മേധാവി പറഞ്ഞു. സ്റ്റേഷന്‍ തുറക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തി ശുചിത്വത്തെക്കുറിച്ച് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കി. അണുവിമുക്തമാക്കിയ ശേഷമാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. അതേസമയം മാനന്തവാടി നഗരത്തിലും പരിസരപ്രദേങ്ങളിലും ഇപ്പോഴും യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.