ഐസ്ക്രീം സ്റ്റിക്കുകള്‍, തയ്യല്‍ക്കടകളില്‍ നിന്ന് ഒഴിവാക്കുന്ന തുണിക്കഷണങ്ങള്‍, പഴയ സിഡികള്‍, കുപ്പികള്‍, പൊട്ടിയ ഓട്ടുകല്ല്, മാല മുത്ത് തുടങ്ങിയവ ഉപയോ​ഗിച്ച് പുത്തൻ സൃഷ്ടികളാണ് വിദ്യാർഥിനികൾ മെനഞ്ഞെടുത്തത്. 

കോഴിക്കോട്: മാളിക്കടവ് വനിതാ ഐടിഐയിലെ ഒരു സംഘം വിദ്യാര്‍ഥിനികളുടെ നിഘണ്ടുവില്‍ പാഴ്‍വസ്തുക്കള്‍ എന്ന വാക്കില്ല. മറ്റുള്ളവര്‍ ഉപയോഗശൂന്യമെന്നു കരുതുന്നതെല്ലാം അവര്‍ക്ക് വിലയേറിയതാണ്. പറമ്പിലോ റോഡിലോ വലിച്ചെറിയുന്ന വസ്തുക്കള്‍ ഈ പെണ്‍കുട്ടികളുടെ കൈകളിലേക്ക് എത്തുമ്പോള്‍ അതിന് രൂപമാറ്റമുണ്ടാകുകയും മനോഹരമായി തീരുകയും ചെയ്യുന്നു. കണ്ണിനും മനസിലും സന്തോഷം പകരുന്ന മനോഹരമായ അലങ്കാരവസ്തുക്കളാണ്, പാഴ്‍വസ്തുക്കളെന്ന് പറഞ്ഞ് നമ്മൾ വലിച്ചെറിയുന്നവ ഉപയോ​ഗിച്ച് വിദ്യാർഥിനികൾ ഉണ്ടാക്കുന്നത്. ഇതുവഴി പരിസരശുചിത്വത്തിന്‍റെ മഹത്തായ പാഠങ്ങള്‍കൂടി സമൂഹത്തിന് പകര്‍ന്നു നല്‍കുകയാണ് ഈ വിദ്യാര്‍ഥിനികള്‍.

കോഴിക്കോട് നഗരിയില്‍ നടക്കുന്ന ഇന്ത്യാ സ്കില്‍സ് കേരള 2020 നൈപുണ്യ മേളയിലാണ് ഐടിഐ വിദ്യാര്‍ഥിനികള്‍ പാഴ്‍വസ്തുക്കളില്‍നിന്ന് നിര്‍മിച്ച മനോഹരമായ വസ്തുക്കളുമായി എത്തിയിരിക്കുന്നത്. ഐസ്ക്രീം സ്റ്റിക്കുകള്‍, തയ്യല്‍ക്കടകളില്‍ നിന്ന് ഒഴിവാക്കുന്ന തുണിക്കഷണങ്ങള്‍, പഴയ സിഡികള്‍, കുപ്പികള്‍, പൊട്ടിയ ഓട്ടുകല്ല്, മാല മുത്ത് തുടങ്ങിയവ ഉപയോ​ഗിച്ച് പുത്തൻ സൃഷ്ടികളാണ് വിദ്യാർഥിനികൾ മെനഞ്ഞെടുത്തത്. പാള, മണല്‍, വെള്ളാരംകല്ല്, കളിമണ്ണ്, മെഴുക്, പിസ്തയുടെ തൊലി തുടങ്ങിയവ മനോഹരമായി ചായം പൂശി പുതുമോടിയുള്ള ഉപകരണങ്ങളാക്കിയും ഇവർ മാറ്റിയിട്ടുണ്ട്.

കര്‍ട്ടന്‍, തലയിണ, ഡ്രീംകാച്ചര്‍ തുടങ്ങി മറ്റു വിവിധ വസ്തുക്കളും വിദ്യാര്‍ഥിനികള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. മാളിക്കടവ് വനിതാ ഐടിഐ വിദ്യാര്‍ഥിനികളായ സാനിയ മെഹറിന്‍, അനുശ്രീ, ഷഹാന കെ പി, ഷഹാന ഷെറിന്‍, ഉമ്മു സല്‍മ, ഫര്‍സാന എന്നിവരാണ് ടീമിലുള്ളത്. ഇതോടൊപ്പം പരിസരശുചിത്വത്തിന്‍റെ മഹത്തായ സന്ദേശവുമായി ശുചിത്വ മിഷന്‍റെ സ്റ്റാളും സ്വപ്നനഗരിയിലുണ്ട്. റിങ് കമ്പോസ്റ്റ്, തുമ്പൂര്‍മുഴി മോഡല്‍, ബയോബിന്‍, ബയോ കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് തുടങ്ങിയവ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നു. നഗരങ്ങളിലും ഗ്രാമത്തിലുമുള്ള ഗാര്‍ഹിക കമ്പോസ്റ്റ് പദ്ധതികള്‍ ഇവര്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തുന്നു.