പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി, മണിയാര്‍ ബാരേജില്‍ നിന്നും 130 ക്യുമക്സ് വെള്ളം തുറന്ന് വിട്ട് ട്രയല്‍ റണ്‍ നടത്തും. സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ടുവരെയാകും വെള്ളം തുറന്നുവിടുക. 

വെള്ളം തുറന്നുവിടുന്നതിനാൽ കക്കാട്ടാറിലും പമ്പാ നദിയിലും ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും  പള്ളിയോടങ്ങളിലെ കരനാഥന്മാരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഈ മാസം പതിനഞ്ചിനാണ് ആറന്മുള ഉതൃട്ടാതി ജലോത്സവം നടക്കുന്നത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ജലമേള ഒഴിവാക്കിയിരുന്നു. ആറന്മുള പാർത്ഥാസാരഥി ക്ഷേത്രത്തിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്രട്ടാതി ജലമേളക്ക് മത്സരത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിനാണ്. ഭഗവല്‍സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ മാറ്റുരക്കുന്നത്.