മഞ്ചേരി: ചൈനയിൽ പടർന്ന് പിടിച്ച കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍  മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ സജ്ജമായി. ഇതിനായി 12 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് തുറന്നു. രോഗബാധ കണ്ടെത്തിയാൽ അതിവേഗം ചികിത്സ ലഭിക്കും.

ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ സിറിയക് ജോബിന്റെ നേതൃത്വത്തിലാണ് ആരോഗ്യ സംഘത്തെ തയ്യാറാക്കിയിട്ടുള്ളത്. ആശുപത്രി ജീവനക്കാർക്ക് വേണ്ട മുൻകരുതൽ എടുക്കാൻ ജാഗ്രതാ നിർദേശം നൽകി. പ്രത്യേകം മാസ്‌ക് ഉപകരണങ്ങൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

അടുത്തിടെ ചൈനയിൽ പോയി തിരിച്ചെത്തിയവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ, കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചിരുന്നു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്. അതേസമയം കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാൻസിൽ മൂന്ന് പേർക്കും ഓസ്ട്രേലിയയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. എന്നാല്‍, കൊറോണവൈറസ് ബാധയെ തുടർന്ന് സൗദിയിൽ ചികിത്സയിലുള്ള മലയാളി നഴ്സിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി ജിദ്ദ കോൺസുലേറ്റ് വ്യക്തമാക്കി.

ഇവരെ രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നും ജിദ്ദ കോൺസുലേറ്റ് അറിയിച്ചു. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യൻ നഴ്സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരണമായി. ജിദ്ദ കോൺസുലേറ്റ് നോര്‍ക്ക അഡീഷണൽ സെക്രട്ടറിയേയാണ് ഇക്കാര്യം അറിയിച്ചത്.