18 വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ നടത്തിയ ചികിത്സാ ധനസമാഹരണത്തിലൂടെ ലഭിച്ചതുക ശസ്ത്രക്രിയക്ക് മതിയാകാതെ വന്നതോടെ ചികിത്സാ സഹായ നിധിക്കായി പഞ്ചായത്ത് ഭരണസമിതി ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്

മാന്നാർ: മൂന്നു പെൺകുട്ടികളുടെ മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്കായി സഹായം തേടിയ കുടുംബത്തിന് മാന്നാർ ഗ്രാമപ്പഞ്ചായത്തി ന്‍റെ കരുതൽ. നാടിന്റെ കരുതലായി 23 ലക്ഷം രൂപയാണ് മാന്നാർ ഗ്രാമപ്പഞ്ചായത്ത് സ്വരൂപിച്ച് നൽകിയത്. മൂന്നു പെൺകുട്ടികളുടെ മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കായി ഇനിയും വേണം 67 ലക്ഷം രൂപയെന്നതാണ് വെല്ലുവിളി.

മൂന്നു പെൺകുട്ടികളുടെ മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കായി മാന്നാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചത് 2306718 രൂപ. 90 ലക്ഷം രൂപയെന്ന ലക്ഷ്യവുമായി 18 വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ നടത്തിയ ചികിത്സാ ധനസമാഹരണത്തിലൂടെ ലഭിച്ചതുക ശസ്ത്രക്രിയക്ക് മതിയാകാതെ വന്നതോടെ ചികിത്സാ സഹായ നിധിക്കായി പഞ്ചായത്ത് ഭരണസമിതി ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്.

കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ-സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന ഗോപി (18), ജി. ആർദ്ര (13), കുട്ടമ്പേരൂർ കുന്നുതറയിൽ രതീഷ്- വിദ്യ ദമ്പതിമാരുടെ മകൾ നിഹ (ഒൻപത്) എന്നിവരുടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള തുക കണ്ടെത്താനാണ് മാന്നാർ ഗ്രാമപഞ്ചായത്ത് ധനസമാഹരണം നടത്തിയത്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, സന്നദ്ധസംഘടനകൾ, സർവകക്ഷിപ്രവർത്തകർ എന്നിവർ ചേർന്ന് വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തുകയായിരുന്നു.

17 വാർഡുകളിലും ധനസമാഹരണം 11,12 തീയതികളിൽ നടത്തിയപ്പോൾ ഏഴാം വാർഡിൽ മാത്രം 18,19 തീയതികളിലായിരുന്നു. അതിന്റെപേരിൽ രാഷ്ട്രീയമായി ഏറെ പഴികേൾക്കേണ്ടി വന്നതിനാൽ ഏഴാം വാർഡിൽ സമാഹരിച്ച തുകയായ 368777 രൂപ ചികിത്സാ സഹായനിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. മറ്റ് 17 വാർഡുകളിൽനിന്നും മെമ്പർമാർ സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് കൈമാറി.

പഞ്ചായത്ത് പ്രസിഡന്‍റ് റ്റി. വി രത്നകുമാരി, കൺവീനർമാരായ ഗ്രാമപഞ്ചായത്തംഗങ്ങൾ കെ. മധു, വി. ആർ. ശിവപ്രസാദ് എന്നിവർ ചേർന്ന് കനറാ ബാങ്ക് മാന്നാർ ശാഖയിൽ ‘മാന്നാർ ഗ്രാമപ്പഞ്ചായത്ത് ചികിത്സാസഹായനിധി' എന്നപേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയക്കായി ഇനിയുംകുടുതൽ പണം വേണ്ടതിനാൽ ചികിത്സാ സഹായ അക്കൗണ്ടിലേക്ക് എല്ലാവരും കഴിയുന്നത്ര നിക്ഷേപിച്ച് മൂന്നുപെൺകുട്ടികളുടെയും ജീവൻ രക്ഷക്കായി സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് റ്റി. വി രത്നകുമാരി പറഞ്ഞു.