രണ്ടാഴ്ച മുമ്പാണ് ഇയാളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് ' റിമാൻഡിലായിരുന്ന ബ്ലേഡ് അയ്യപ്പനെ കസ്റ്റഡിയിൽ വാങ്ങിയ മാന്നാർ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവരികയായിരുന്നു. 

മാന്നാർ: കുരട്ടിശ്ശേരിയിലമ്മ ഭഗവതീ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി ബ്ലേഡ് അയ്യപ്പനെ മാന്നാർ പോലീസ് ക്ഷേത്രത്തിൽ കൊണ്ടുവന്ന് തെളിവെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സ്ഥിരമായി മോഷണം നടത്തി വന്നിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ ചെമ്പക മംഗലം ഊരുകോണത്ത് പുത്തൻവീട്ടിൽ ബ്ലേഡ് അയ്യപ്പൻ എന്ന ആർ.അയ്യപ്പനെ (31) നെ കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രം, മാന്നാർ പുത്തൻ പളളി, പരുമല പള്ളി കുരിശടി, സമീപത്തെ പെട്ടിക്കട എന്നിവിടങ്ങളിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. 

രണ്ടാഴ്ച മുമ്പാണ് ഇയാളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് ' റിമാൻഡിലായിരുന്ന ബ്ലേഡ് അയ്യപ്പനെ കസ്റ്റഡിയിൽ വാങ്ങിയ മാന്നാർ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവരികയായിരുന്നു. മാന്നാർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, കണ്ണൻ, ഹോം ഗാർഡുകളായ സുരേഷ്, വിശ്വനാഥൻ എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.

കുലശേഖരപുരം കടത്തൂർ കണ്ടത്തിൽ ഭദ്രകാളി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും തിടപ്പള്ളിയും മറ്റും പൊളിച്ച് 50,000 രൂപയിലേറെ കവർന്ന കേസിലാണു പിടിയിലായത്. 2012 മുതൽ തെക്കൻകേരളത്തിലെ വിവിധ ജില്ലകളിൽ ക്ഷേത്ര കവർച്ച നടത്തിയിട്ടുള്ള ഇയാൾ രണ്ടു മാസങ്ങൾക്കു മുൻപാണു ജയിൽ മോചിതനായത്. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം കൊല്ലം ശക്തികുളങ്ങര എടമലക്കാവ് ദേവീ ക്ഷേത്രത്തിൽ ആഗസ്റ്റ് 21 നും ചവറ ഭരണിക്കാവ് ക്ഷേത്രത്തിൽ 26 നും മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ 30 നും കവർച്ച നടത്തി. 

മാന്നാർ പുത്തൻ പള്ളി കാണിക്ക വഞ്ചി, പരുമല പള്ളി കുരിശടി എന്നിവിടങ്ങളിൽ മോഷണ ശ്രമവും നടത്തിയിരുന്നു.അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ബ്ലേഡ് ഉപയോഗിച്ചു പരുക്കേൽപ്പിക്കുന്നതും ലോക്കപ്പുകളിൽ സ്വയം പരുക്കേൽപ്പിച്ചു ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാകുന്നതും അയ്യപ്പന്റെ രീതിയാണെന്നു പൊലീസ് പറഞ്ഞു. 

പത്തനംതിട്ട ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേൽപ്പിച്ചതിനും 2017 ൽ തൃശൂർ‍ വിയ്യൂരിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനും പരുക്കേൽപിച്ചതിനും 2 കേസുകളുമുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലയിൽ ഒട്ടേറെ മോഷണ കേസുകളിലും പ്രതിയാണ് ബ്ലേഡ് അയ്യപ്പൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona