കൽപ്പറ്റ: വീട് നിർമിക്കാനുള്ള സഹായം സർക്കാർ അനുവദിച്ചിട്ടും പ്രവൃത്തി തുടങ്ങാനാകാതെ വാടക വീട്ടിലും മറ്റും കഴിയേണ്ട ഗതികേടിലാണ് സുൽത്താൻ ബത്തേരിയിലെ നിരവധി കുടുംബങ്ങൾ. ആകെയുള്ള ഭൂമി നെൽവയൽ-തണ്ണീർത്തട ഡേറ്റ ബാങ്കിൽപ്പെട്ടതാണ് കാരണം. ബത്തേരി നഗരസഭയിലെ കൈപ്പഞ്ചരിയിൽ ഭൂമി വാങ്ങിയ നിരവധികുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് അധികൃതരുടെ കനിവ് കാത്ത് കിടക്കുന്നത്.  

2014-ലാണ് ബത്തേരി ടൗണിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ നാട്ടുകല്ലിങ്കൽ റഫീഖ് കൈപ്പഞ്ചേരിയിൽ ഏഴുസെന്‍റ് സ്ഥലം വാങ്ങിയത്. ഇതിനുസമീപത്തുതന്നെ ഓട്ടോഡ്രൈവറായ ഹണി ഫ്രാൻസിസ് ഏഴുസെന്‍റും കൂലിപ്പണിക്കാരനായ നൗഷാദ് അഞ്ചുസെന്‍റും വാങ്ങി. പത്തുപേരാണ് ഇവിടെ അഞ്ചും ആറും സെന്‍റുവീതം ഭൂമിവാങ്ങിയത്. 

സർക്കാർ അനുമതിയോടെ തന്നെ പരിസരത്തെല്ലാം വയൽനികത്തി വീടുകൾ നിർമിക്കുന്നതുകണ്ടാണ്, നിർധനരായ കുടുംബങ്ങൾ ആകെയുള്ള സാമ്പാദ്യമെല്ലാം വിറ്റുപെറുക്കി സ്ഥലംവാങ്ങിയത്. 25 വർഷത്തോളമായി ഈവയലിൽ കൃഷിയിറക്കാതെ തരിശിട്ടിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വയൽ നികത്തി ടാറിട്ട റോഡും കമുങ്ങിൻ തോട്ടവുമെല്ലാം വന്നു. തൊട്ടടുത്ത് ഒരു റിസോർട്ടും പ്രവർത്തിക്കുന്നു. 

ബത്തേരി നഗരസഭയിൽനിന്ന്‌ 2017-18 സാമ്പത്തികവർഷമാണ് റഫീഖിനും ഹണിക്കും നജ്മുന്നീസയ്ക്കും പി.എം.എ.വൈ. പദ്ധതിയിൽ വീടനുവദിച്ചത്. വീടിന്റെ എഗ്രിമെന്റ് വെക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചപ്പോഴാണ് ഇവരുടെ സ്ഥലമെല്ലാം നെൽവയൽ തണ്ണീർത്തട ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതായി അറിയുന്നത്. ബത്തേരി വില്ലേജിലെ ബ്ലോക്ക് നമ്പർ 17-ൽ സർവേ നമ്പർ 141/2 ഉൾപ്പെട്ട സ്ഥലങ്ങളാണിത്.

ജനപ്രതിനിധികളെ സമീപിച്ചിട്ടും ഓഫീസുകൾ കയറിയിറങ്ങിയിട്ടും വീടുനിർമിക്കുന്നതിനുള്ള അനുമതി മാത്രം ലഭിച്ചില്ല. ഇതോടെ എഗ്രിമെന്‍റ് വയ്ക്കാൻ സാധിക്കാത്തതിനാല്‍ അനുവദിച്ച വീട് ഈ കുടുംബങ്ങൾക്ക് നഷ്ടമായി. കൂലിപ്പണിക്കാരനായ നൗഷാദും ഭാര്യ നജ്മുന്നീസയും വർഷങ്ങളായി വാടകയ്ക്കായിരുന്നു താമസം. വൻതുക വാടക നൽകി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതായതോടെ, സുമനസ്സുകളുടെ സഹായത്തോടെ കൈപ്പഞ്ചേരിയിലെ ഈ ഭൂമിയിൽ ഷെഡുകെട്ടി അതിലാണ് കഴിയുന്നത്. 

രോഗിയായ മാതാവടക്കമുള്ളവരുമായി വാടകവീട്ടിലാണ് റഫീഖ് കഴിയുന്നത്. ഹണിയും വാടകവീട്ടിലാണ് താമസം. ഇവരുടെ സ്ഥലത്തിനുചുറ്റും സമീപകാലത്ത് വയൽനികത്തി നിരവധിവീടുകൾ നിർമിച്ചിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ തങ്ങളുടെ വീടിന് അനുമതി നിഷേധിക്കുകയാണെന്നാണ് ഈ കുടുംബങ്ങളുടെ പരാതി. 

നജ്മുന്നീസയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീടുനിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ പരിസരത്ത് കമുകും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങളുണ്ടെന്നും വീടുനിർമിച്ചാൽ നീരൊഴുക്കിന് തടസ്സമില്ലെന്നും കണ്ടെത്തിയിരുന്നു. ഈ ഭൂമിയല്ലാതെ മറ്റുസ്ഥലങ്ങൾ ഇവർക്കില്ലെന്നും സമീപത്ത് മറ്റുള്ളവർ വീടുനിർമിച്ച് താമസിച്ചുവരുന്നതായും ബത്തേരി വില്ലേജ് ഓഫീസർ 2018 ജൂലായ് ഒമ്പതിന് സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും കുടുംബങ്ങൾക്ക് അനുകൂലമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.