വയനാട്: വയനാട്ടിലെ തവിഞ്ഞാലില്‍ ആയുധധാരികളുടെ സംഘമെത്തി. അഭിനഗർ കോളനിയിലെ തോട്ടാശ്ശേരി സിദ്ധിഖിന്റെ വീട്ടിലാണ് മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘമെത്തിയത്. 

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് നാലംഗ ആയുധധാരികള്‍ പ്രദേശത്തെത്തിയത്. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് വീട്ടുകാരോട് സംഘം ഭക്ഷണം ചോദിച്ചുവെങ്കിലും ഭക്ഷണം തയ്യാറാകാത്തതിനാൽ വീട്ടുകാർ ചായ നൽകുകയായിരുന്നു. സംഘം മലയാളത്തിലാണ് സംസാരിച്ചതെന്നും വീട്ടുവിവരങ്ങൾ ചോദിച്ച ശേഷം അരമണിക്കൂറിനുള്ളിൽ സംഘം തിരിച്ചു പോയതായും വീട്ടുകാർ പറഞ്ഞു.

തുടർന്ന് തലപ്പുഴ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തിരച്ചിൽ നടത്തി. ആയുധധാരികൾ മാവോവാദികളാണോയെന്ന് നാളെ ഫോട്ടോ കാണിച്ച് തിരിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി.