മേപ്പാടി: വയനാട് മേപ്പാടിയിലെ റിസോർട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞു മാവോയിസ്റ്റുകള്‍. വാർത്താക്കുറിപ്പിലൂടെയാണ് മാവോയിസ്റ്റുകള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. റിസോർട്ട് ആക്രമണത്തിൽ പാർട്ടിക്ക് തെറ്റ് പറ്റിയെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ ആക്രമണമായിരുന്നു അതെന്നും റിസോർട്ടിന് സംഭവിച്ച നാശനഷ്ടത്തിൽ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മറ്റി നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു മേപ്പാടിയിലെ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.

മേപ്പാടിയിലെ റിസോർട്ടിൽ മാവോയിസ്റ്റ് ആക്രമണം

മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയിൽ സ്വകാര്യ റിസോർട്ടിന് നേരെ ആയിരുന്നു മാവോയിസ്റ്റ് ആക്രമണം. റിസോർട്ടിന്‍റെ ചില്ലുകൾ മാവോയിസ്റ്റുകൾ കല്ലെറിഞ്ഞ് തക‍ർത്തിരുന്നു. ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ ശക്തമായ മറുപടിയുണ്ടാകുമെന്ന് പോസ്റ്റര്‍ പതിപ്പിച്ചശേഷമായിരുന്നു ആക്രമണം.