തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തെ കഞ്ചാവ് മാഫിയ ആക്രമിച്ചു. പൊലീസുകാരെ മര്‍ദ്ദിച്ച സംഘം  കണ്ട്രോൾ റൂം വാഹനം അടിച്ചു തകർക്കുകയും ചെയ്തു.
കാട്ടാക്കട  പട്ടകുളം കല്ലാമം പന്നിയോട് ഭാഗത്തു ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ആണ് സംഭവം നടന്നത്. 

കാട്ടാക്കട പൊലിസ് സ്റ്റേഷഷനിലെ എ എസ് ഐ നവാസ് പി, ക്യാമ്പ് പൊലീസുകാരായ ബിജു റ്റി ആർ, ശ്രീനാഥ് എം എന്നിവരെയാണ്  കഞ്ചാവ് മാഫിയാ സംഘം കല്ലെറിഞ്ഞും ആയുധങ്ങൾ കൊണ്ട് മര്‍ദ്ദിച്ചും പരിക്കേല്‍പ്പിച്ചത്. പൊലീസിനെ ആക്രമിച്ച കേസില്‍ സഹോദരങ്ങളായ ഇലക്കോട് കുന്നിൽ വീട്ടിൽ ഹരികൃഷ്ണൻ ബി (22),വിഷ്ണു ബി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സംഘത്തിലെ പതിമൂന്നോളം പേരെ തിരിച്ചറിഞ്ഞതായും ഇവർക്കയുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായും കാട്ടാക്കട ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഡി ബിജുകുമാർ, സബ് ഇൻസ്‌പെക്ടർ നിജം എന്നിവർ പറഞ്ഞു.  ബുധനാഴ്ച രാത്രി എഴുമണിയോടെയാണ്  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ കല്ലും കമ്പിയും ഉൾപ്പടെ മാരകായുധങ്ങളുമായി സംഘം പൊലീസിനെ വളഞ്ഞു. നേരത്തെ തന്നെ പൊലീസിന്റെ  ക്രിമിനൽ  പട്ടികയിൽ ഉള്ള പ്രദേശമാണ് ഇവിടം.

സബ് ഇൻസ്‌പെക്ടർ നിജാമിന്റെ നിർദേശപ്രകാരം പ്രദേശത്തു നിരീക്ഷണത്തിനായി എത്തിയ പൊലീസ് സംഘം വഴിയിൽ കൂട്ടം കൂടി നിന്ന ചിലരോട് കാര്യം അന്വേഷിച്ചതോടെ ഇവർ മറ്റു സംഘങ്ങളെ വിളിച്ചു വരുത്തി പൊലീസിനെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. 'കാര്യമന്വേഷിക്കാൻ എത്തിയവരാണെടാ ഇവന്മാർ വേഗം വാ' എന്നു ആക്രോശിച്ചും അസഭ്യം വിളിച്ചും വലിയ പാറകഷ്ണങ്ങൾ എടുത്തെറിഞ്ഞും ആയിരുന്നു സംഘം പൊലീസിനെ ആക്രമിച്ചത്.

ഇതിനിടെ ചിലർ വാഹനത്തിനു മുകളിൽ  കയറിയതോടെ   എണ്ണത്തിൽ കുറവുള്ള പൊലീസ് സംഘം സ്ഥലത്തു നിന്നും വാഹനവുമായി രക്ഷപെടാനുള്ള ശ്രമം നടത്തി.  ജീപ്പ് മുന്നോട്ടെടുത്തു പോയെങ്കിലും അക്രമി സംഘം  പിന്നാലെ നാലോളം ബൈക്കുകളിലെത്തിസ്  വാഹനത്തിനു മുന്നിൽ കയറി  മാർഗ്ഗ തടസ്സം സൃഷിടിക്കുകയും വാഹനത്തിന്‍റെ ഗ്ലാസ് അടക്കം അടിച്ചു പൊട്ടിക്കുകയും ചെയ്തു.

വാഹനത്തിന്റെ മുകളിൽ കയറി നിന്നു അസഭ്യം വിളിച്ചും  ഭീഷണിമുഴക്കിയും  ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീണ്ടും പൊലീസിന് നേരെ കല്ലെറിഞ്ഞു. വാഹനത്തിന്റെ മുൻവശത്തെ ചില്ലും വലതു വശത്തെ പുറകിലുള്ള ചില്ലും  അടിച്ചു തകർത്തു.
പൊലീസുകാരുടെ നെഞ്ചിലും മുതുകിലും തോളിലും എല്ലാം മാർധനത്തിന്റെയും കല്ലു പതിച്ചതിന്റെയും പരിക്കുകൾ ഉണ്ട്.
സംഭവസ്ഥലത്തു നിന്നും വളരെ ശ്രമപ്പെട്ട്  രക്ഷപ്പെട്ട പൊലീസ് ഇതിനിടെ സ്റ്റേഷനിൽ വിവരം അറിയിച്ചു. 

തുടര്‍ന്ന് നെയ്യാർ ഡാം മാറനല്ലൂർ ഉൾപ്പടെ സ്റ്റേഷനുകളിൽ നിന്നും  കൂടുതൽ പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തിയതോടെ  സംഘം നാലുപാടും ഊടുവഴികളിലൂടെ ഓടി രക്ഷപ്പെട്ടു. എന്നാല്‍ സംഘത്തിലെ പ്രധാനികളായ ഹരികൃഷ്ണൻ, വിഷ്ണു എന്നിവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ  13 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിൽ എടുക്കും. 

സംഘം ചേരല്‍, ജോലിയെ തടസ്സപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം പ്രതികള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മുൻപ് നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് പ്രതി ഹരികൃഷ്ണൻ.  ജൂവനയിൽ  കേസും ഉണ്ടായിരുന്നു. കല്ലാമം ജംഗ്ഷനിലെ കുടിവെള്ള സംഭരണിക്ക് സമീപം തമ്പടിക്കുന്ന സംഘത്തിനെ അന്വേഷിച്ചു വിദൂര സ്ഥലങ്ങളിൽ നിന്നുപോലും കഞ്ചാവ് സംഘടിപ്പിക്കാൻ കൗമാരക്കാർ ഉൾപ്പടെ എത്തുക പതിവാണ്.

 പ്രദേശത്തു വർഷങ്ങളായി കഞ്ചാവ് കടത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങളെ ഭയന്നു  നാട്ടുകാർ ആരും പരാതി പറയില്ല. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി കൊറോണ പ്രോട്ടോകോൾ കണക്കിലെടുത്തു വീടുകളിലേക്ക് മാറ്റി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.