രണ്ട് ബോട്ടുകളും കെട്ടിവലിച്ച് വാർഫിൽ എത്തിച്ചു. തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി.

തിരുവനന്തപുരം: യന്ത്ര തകരാർ കാരണം തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗത്തെ കടലിൽ കുടുങ്ങിയ ബോട്ടുകളേയും തൊഴിലാളികളേയും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷിച്ചു. വിഴിഞ്ഞം സ്വദേശിയുടെ ഓംകാരം എന്ന ബോട്ട് കാണാതായതുമായി ബന്ധപ്പെട്ട് തെരച്ചിൽ നടത്തുമ്പോഴാണ് കടലിൽപെട്ടുപോയ മറ്റൊരു ബോട്ടും കണ്ടെത്തിയത്. തുടർന്ന് രണ്ട് ബോട്ടുകളും കരയിലെത്തിച്ചു.

മറൈൻ ആംബുലൻസ് കടലിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ യന്ത്രതകരാർ കാരണം ഉൾക്കടലിൽ അകപ്പെട്ട വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ മാർട്ടിന്റെ സെന്‍റ് ആന്റണി എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിൽ‌ ഉണ്ടായിരുന്ന മാർട്ടിൻ, സ്റ്റീഫൻ, അൽഫോൺസ് എന്നിവരെയും മറൈൻ ആംബുലൻസിൽ കെട്ടിവലിച്ച് സുരക്ഷിതമായി കരയിൽ എത്തിച്ചു. 

തെരച്ചിൽ തുടരുന്നതിനിടെ പനത്തുറയ്ക്ക് നേരെ പടിഞ്ഞാറ് എട്ട് നോട്ടിക്കൽ മൈൽ ഉള്ളിൽവെച്ചു 'ഓംകാരം' ബോട്ട് കണ്ടെത്തി. പിന്നീട് ആ ബോട്ടിനെയും കെട്ടിവലിച്ച് വിഴിഞ്ഞം വാർഫിൽ എത്തിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന തൊഴിലാളിയായ കുഞ്ഞുമോനെയും സുരക്ഷിതമായി കരയിൽ എത്തിച്ചു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു കടലിലെ രക്ഷാപ്രവർത്തനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം