പ്ലസ്ടു പരീക്ഷയില്‍ തോറ്റാല്‍ എന്ത് സംഭവിക്കും? റിസല്‍ട്ട് അറിഞ്ഞാല്‍ ജയിച്ചവര്‍ക്ക് അഭിനന്ദന പെരുമഴയായിരിക്കും എന്നാല്‍ തോറ്റവര്‍ക്ക് അല്‍ഫാം കിട്ടുമോ? ജയിച്ചവര്‍ക്കൊപ്പം തോറ്റ വിദ്യാര്‍ഥികള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ച് മലപ്പുറത്തെ കാവനൂരുള്ള മരുപ്പച്ച കിച്ചന്‍. കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മരുപ്പച്ച കിച്ചണ്‍ പ്രഖ്യാപിച്ച വേറിട്ട ഓഫറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാവുന്നത്. 

പ്ലസ്ടു പാസായവരെ അഭിനന്ദിക്കുന്നതിനായി വമ്പിച്ച ഓഫറാണ് പ്രഖ്യാപിച്ചത്. ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് മന്തി റൈസും അല്‍ഫാമും 80 രൂപയ്ക്കും എല്ലാവിഷയങ്ങള്‍ക്ക് പാസായവര്‍ക്ക് ചിക്കന്‍ ബിരിയാണി 49 രൂപയ്ക്കും നല്‍കിയ മരുപ്പച്ച കിച്ചണ്‍ പ്ലസ് ടു തോറ്റവരേയും മറന്നില്ല. മുഴുവന്‍ വിഷയത്തില്‍ തോറ്റവര്‍ക്ക് ഫുള്‍ അല്‍ഫാം ഫ്രീയായാണ് മരുപ്പച്ച നല്‍കിയത്. 

ജൂലൈ 16 വ്യാഴാഴ്ചയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. റിസല്‍ട്ട അറിഞ്ഞ ദിവസത്തേക്ക് മാത്രമായിരുന്നു ഓഫറെങ്കിലും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ ഇപ്പോഴും വൈറലാണ്. ഓഫര്‍ ലഭിക്കാന്‍ റിസല്‍ട്ട് കാണിക്കണമെന്ന നിബന്ധന വച്ചിരുന്നു മരുപ്പച്ച കിച്ചണ്‍. കൊവിഡ് വ്യാപനവും ലോക്ക്ഡൌണും കച്ചവടത്തെ സാരമായി ബാധിച്ചതുകൊണ്ടാണ് ഇത്തരം വേറിട്ട ഓഫറുകളുമായി എത്തിയതെന്ന് മരുപ്പച്ച കിച്ചന്‍ ഉടമ അഷ്ബില്‍ പ്രതികരിക്കുന്നു. 

മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്. തോറ്റ വിദ്യാര്‍ഥികളും എത്തിയിരുന്നവെന്നും അഷ്ബില്‍ പറയുന്നു. തോറ്റ വിദ്യാര്‍ഥികളെ സാധാരണ ഗതിയില്‍ ആരും ശ്രദ്ധിക്കാറില്ല അതിനാലാണ് അവര്‍ക്ക് സൌജന്യം നല്‍കിയതെന്നും മരുപ്പച്ച കിച്ചണ്‍ പറയുന്നത്.