ഭൂ പതിവ് ഓഫിസ്, സര്‍വ്വേ, തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍, മുന്നറിയിപ്പ് ഇല്ലാതെ കൂട്ട അവധി എടുത്തത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി
ഇടുക്കി: നെടുങ്കണ്ടത്ത് റവന്യൂ ഓഫീസുകളില്‍ ജീവനക്കാരുടെ കൂട്ട അവധി. സംഘടനാ സമ്മേളനത്തിനായാണ് ജീവനക്കാര്‍ അവധി എടുത്തത്. മിക്ക ഓഫീസുകളിലും നാമമാത്ര ജീവനക്കാരാണ് ഹാജരായത്. നെടുങ്കണ്ടത്ത് നടക്കുന്ന ജോയിന്‍റ് കൗണ്‍സില്‍ മേഖലാ സമ്മേളനത്തിനായാണ് ജീവനക്കാര്‍ കൂട്ട അവധി എടുത്തത്. നെടുങ്കണ്ടം സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ഉടുമ്പന്‍ചോല താലൂക് ഓഫീസില്‍ ആകെയുള്ള 67 ജീവനക്കാരില്‍ 35 പേരും അവധിയിലാണ്.
ഭൂ പതിവ് ഓഫിസ്, സര്‍വ്വേ, തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍, മുന്നറിയിപ്പ് ഇല്ലാതെ കൂട്ട അവധി എടുത്തത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി. വിദൂര മേഖലയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി താലൂക് ഓഫിസില്‍ എത്തിയവര്‍ സേവനം ലഭ്യമാത്തതിനാല്‍ തിരികെ മടങ്ങേണ്ടി വന്നുവെന്ന് പരാതിപ്പെട്ടു. പത്തനംത്തിട്ട കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവം അടുത്തയിടെ വലിയ വിവാദമായിരുന്നു.
എന്നാല്‍, ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്നാണ് ജില്ലാ കളക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയിത്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും വ്യക്തമായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്.
ജീവനക്കാരുടെ കൂട്ട അവധിയിൽ ഇടപെട്ട എംഎൽഎയും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് പോരും വിമർശനങ്ങളുമുണ്ടായ സ്ഥിതി പിന്നീടുണ്ടായി. കെ യു ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തിയതോടെയാണ് പോര് കടുത്തത്. താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് എംഎൽഎക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
