ഇടുക്കി: കാലവര്‍ഷം ചതിച്ചതോടെ മൂന്നാറിലെ ജലാശയങ്ങളടക്കം വറ്റിവരളുകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി മാട്ടുപ്പെട്ടി കുണ്ടള ജലാശയങ്ങള്‍ തുറന്നുവിട്ടത് കുടിവെള്ള പ്രശ്‌നവും രൂക്ഷമാക്കി. ജൂണ്‍ ആദ്യവാരത്തില്‍ മൂന്നാറിലെ കുന്നിന്‍ ചെരുവുകളില്‍ ശക്തമായ തോതില്‍ മഴ പെയ്തിറങ്ങിയതോടെയാണ് ജലാശയങ്ങള്‍ തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴയുടെ ശക്തി ക്രമാതീതമായി കുറഞ്ഞത് ജലലഭ്യതയെ ബാധിച്ചു. വേനല്‍ ചൂട് ശക്തമായതോടെ മാട്ടുപ്പെട്ടി ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണ്ണമായി നിലച്ചു. മാട്ടുപ്പെട്ടി ജലാശയത്തില്‍ ജില്ലാ ടൂറിസവും ഹൈഡല്‍ ടൂറിസം വകുപ്പും നടത്തിവന്ന ബോട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിന് ഇത്തവണ ബോട്ടിംഗ് വരുമാനത്തില്‍ നിന്ന് നഷ്ടമായത്.  

പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. മൂന്നാറില്‍ ഇത്തവണ ജൂണ്‍ മാസത്തില്‍ പെയ്തത്, കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും കുറവ് മഴയാണ്. ജൂണ്‍ ഒന്ന്  മുതല്‍ 28 വരെ 34.08 സെ.മീറ്റര്‍ മഴയാണ് ഈ വര്‍ഷം ലഭിച്ചത്. 2018 ല്‍ ഇതേ കാലയളവില്‍ 104.26 സെ.മീറ്റര്‍ മഴ ലഭിച്ചു.70 സെ.മീ. മഴയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. രേഖകള്‍ പ്രകാരം 1962 ല്‍ മാത്രമാണ് ഇതിലും കുറവ് മഴ ഇക്കാലയളവില്‍ മൂന്നാറില്‍ പെയ്തത്. 15.24 സെ.മീ. ആണ് അന്ന് ലഭിച്ചത്.കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 2008 ല്‍ 50.54 സെ.മീ, 2009 ല്‍ 43.63 സെ.മീ, 2010 ല്‍ 55.88,2012 ല്‍ 66.04 സെ.മീറ്റര്‍ എന്നിങ്ങനെയായിരുന്നു ജൂണ്‍ മാസത്തിലെ മഴയുടെ അളവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ജൂണ്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 2013 ലാണ്. 187.96 സെ.മീറ്റര്‍ മഴയാണ് ചെയ്തത്. 

2018 ജനവരി 1 മുതല്‍ ജൂണ്‍ 30 വരെ 164.10 സെ.മീറ്റര്‍ മഴ ലഭിച്ച സ്ഥാനത്ത് ഈ വര്‍ഷം ഇക്കാലയളവില്‍ 62.33 സെ.മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 102 സെ.മീറ്റര്‍ മഴയുടെ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ രേഖപ്പെടുത്തിയത്.  ജലം ലഭിക്കാതായതോടെ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പുതിയ കാഴ്ചയാണ്  മാട്ടുപ്പെട്ടി ഡാമം. പതിനെട്ടാം നൂറ്റാണ്ടില്‍ മൂന്നാറില്‍ തേയില കൃഷിക്കായി എത്തിയ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച മാട്ടുപ്പെട്ടി മാരിയമ്മന്‍ക്ഷേത്രം, ബ്രിട്ടീഷുകാരുടെ ബംഗ്‌ളാവുകള്‍, തൊഴിലാളി ലയങ്ങള്‍, മാട്ടുപ്പെട്ടി ചന്ത എന്നിവയുടെ കെട്ടിടാവശിഷ്ടങ്ങളാണ് വെള്ളം ഇല്ലാതായതോടെ തെളിഞ്ഞു വന്നത്. കൂടാതെ 1924 ലെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ - കുണ്ടള വാലി മോണോ റെയിലിന്‍റെ അവശിഷ്ടങ്ങളും ഇപ്പോള്‍ തെളിഞ്ഞു കാണാം. 

ഒന്നര നൂറ്റാണ്ട് മുമ്പ് സിമന്‍റ് ഉപയോഗിക്കാതെ കല്ലുകള്‍ ചുണ്ണാമ്പ് മിശ്രിതമായ സുര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ചുമരുകളാണ് ഇപ്പോഴും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കുന്നത്. 1953 ലാണ് മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെ തൊഴിലാളികളും, അന്നത്തെ തോട്ടം മാനേജര്‍മാരായ ബ്രിട്ടീഷുകാരും കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് സമീപ പ്രദേശങ്ങളായ കുട്ടിയാര്‍, കുണ്ടള എന്നിവടങ്ങളിലേക്ക് താമസം മാറുകയായിരുന്നു. ബോട്ടിംഗ്  നിലച്ചെങ്കിലും അത്ഭുത കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ഒരു കാണാക്കഴ്ച തന്നെയാണ്.