ഇടുക്കി: വെള്ളം വറ്റിയതോടെ ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാം കൗതുകക്കാഴ്ചകളുടെ കലവറയായിരിക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശ കാലത്തെ നിര്‍മ്മാണങ്ങളുടെ അവശേഷിപ്പുകളും ബ്രിട്ടീഷുകാര്‍ മൂന്നാറിലെത്തി തേയിലകൃഷി ആരംഭിച്ച 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പല നിര്‍മ്മാണങ്ങളും ഡാമിനടിയില്‍ ഇന്നും നിലനില്‍പ്പുണ്ട്. ക്ഷേത്രാവശിഷ്ടങ്ങളും ഡാമിന് അടിയിലുണ്ട്. ഡാമില്‍ കണ്ടെത്തിയത് ചന്ദനമാരിയമ്മന്‍ പ്രതിഷ്ഠയുണ്ടായിരുന്ന ക്ഷേത്രമാണെന്നും  ഇവിടെയുണ്ടായിരുന്ന മാരിയമ്മന്‍റെ വിഗ്രഹം ഡാം നിര്‍മ്മിച്ചപ്പോള്‍ മാട്ടുപ്പെട്ടിയുടെ അടുത്തുള്ള കുട്ടിയാര്‍ എന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ച് അവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏറെക്കാലം വെള്ളത്തടിയിലായിരുന്നതു മൂലം കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ക്ഷേത്രം ഉണ്ടായിരുന്നതിന്‍റെ അടയാളങ്ങള്‍ ഇവിടെയുണ്ട്. 

കരിങ്കല്ലില്‍ കൊത്തിയെടുത്ത മൂലക്കല്ലും പ്രതിഷ്ഠ നടന്ന സ്തൂപങ്ങളുമെല്ലാം ഇവിടെ കാണാം. മാട്ടുപ്പെട്ടി എന്ന ഗ്രാമത്തിന്‍റെ അടയാളങ്ങളും കല്ലുകൊണ്ട് നിര്‍മ്മിച്ച തൊഴിലാളി ലയങ്ങളുടെയും ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഡാം നിര്‍മ്മിച്ച് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചുമരുകള്‍ നിലംപൊത്താതെ നില്‍ക്കുന്നത് ബ്രീട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗധ്യം കൂടി വെളിപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ചതാണ് ഇവയെന്ന് തെളിയിക്കുന്നതാണ് നീണ്ട കാലം വെള്ളത്തിനടിയിലായിട്ടും തകരാതെ നില്‍ക്കുന്ന കെട്ടിടങ്ങള്‍. 

ക്ഷേത്രത്തിന്‍റെ ബലിപീഠമെന്ന് തോന്നിക്കുന്നതും എന്നാല്‍ ശവകൂടീരമാകാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നതുമായ നിര്‍മ്മിതിയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാധാരണ കല്ലുകളും ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് വലിയ കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ട് അവശിഷ്ടങ്ങളും ഇവിടെ കാണാം. മൂന്നാറില്‍ നിന്ന് കുണ്ടളയിലേയ്ക്ക് ഉണ്ടായിരുന്ന ട്രെയിന്‍ സര്‍വ്വീസിന്‍റെ അടയാളവും ഇവിടെയുണ്ട്.

ട്രെയിന്‍ പാളത്തിന്‍റേതെന്നു കരുതുന്ന ഇരുമ്പുകുറ്റിയും ഏറെ ദൂരെയുള്ള കരിങ്കല്ലുകള്‍ ഡാമിലേയ്ക്ക് ചുമക്കാതെ എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന സംവിധാത്തിന്‍റെ അവശേഷിപ്പുകളും ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലുകളായി ഇവിടെയുണ്ട്. വെള്ളം വറ്റിയതോടെ ഡാമില്‍ തെളിഞ്ഞ കാഴ്ചകള്‍ പുതുതലമുറയ്ക്ക് കൗതുകമാകുന്നതിനോടൊപ്പം കഴിഞ്ഞകാലത്ത് ഇവിടെ നിലനിന്നിരുന്ന സംസ്‌കാരത്തിന്‍റെ അറിവുകള്‍ കൂടി പകര്‍ന്നു നല്‍കുകയാണ്.