Asianet News MalayalamAsianet News Malayalam

കുടിവെള്ളത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം; മാവേലിക്കര, കുട്ടനാട് മേഖലയില്‍ പോര്‍വിളി

കോടികൾ മുടക്കി ഉടൻ പൂർത്തീകരിക്കുമെന്ന് പറഞ്ഞ കുടിവെള്ള പദ്ധതി വർഷങ്ങളായിട്ടും പൂർത്തീകരിച്ചില്ല. തഴക്കരയിലെ കേന്ദ്ര കുടിവെളള പദ്ധതിയും ലക്ഷ്യം കണ്ടില്ല

Mavelikara and Kuttanad area have drinking water issue in election time
Author
Alappuzha, First Published Apr 11, 2019, 7:03 PM IST

ആലപ്പുഴ: തിരഞ്ഞെടുപ്പായതോടെ കുടിവെള്ളത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ പോർവിളി. മാവേലിക്കര, കുട്ടനാട് താലൂക്കിലാണ് പ്രശ്നം രൂക്ഷം. മാവേലിക്കരതാലൂക്കിലെ തഴക്കര, ചുനക്കര, ചാരുംമൂട്, ഭരണിക്കാവ് കുട്ടനാട്ടിലെ കൈനകരി, ചമ്പക്കുളം, മങ്കൊമ്പ്ഭാഗങ്ങളിൽ വേനലിന് മുൻപ് തന്നെ കുടിവെള്ളം ക്ഷാമം രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പായതോടെ കുടിവെള്ളത്തിന്റെ പേരിൽ രാഷ് ട്രീയ പാർട്ടികൾ തമ്മിൽ പ്രസ്താവനയുദ്ധം മുറുകിയിരിക്കുകയാണ്.

വേനലിന്റെ കാഠിന്യം അതിരുവിട്ടതോടെ മാവേലിക്കര താലൂക്ക് വരൾച്ചയുടെ പിടിയിലുമാണ്. കിണറുകളും മറ്റ് ജലസ്രോതസുകളും വറ്റി ഉണങ്ങി. വേനൽകാലത്ത് റവന്യു വകുപ്പ് ടാങ്കറിൽ വിതരണം ചെയ്യുന്ന കുടിവെള്ളവും കനാൽ വെള്ളവുo മാത്രമാണ് ജനങ്ങൾക്ക് തൊണ്ടനനയാൻ കിട്ടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതുമൂലം പ്രത്യേക അനുമതിയില്ലെന്ന കാരണത്താൽ റവന്യൂ വകുപ്പിന്റെ ടാങ്കറിലെ കുടിവെള്ള വിതരണം കാര്യക്ഷമമല്ല.

കോടികൾ മുടക്കി ഉടൻ പൂർത്തീകരിക്കുമെന്ന് പറഞ്ഞ കുടിവെള്ള പദ്ധതി വർഷങ്ങളായിട്ടും പൂർത്തീകരിച്ചില്ല. തഴക്കരയിലെ കേന്ദ്ര കുടിവെളള പദ്ധതിയും ലക്ഷ്യം കണ്ടില്ല. കുട്ടനാട്ടിലെ അവസ്ഥയും ഇത് തന്നെയാണ്. നീരേറ്റുപുറം പ്ലാന്റ് കാര്യക്ഷമം അല്ല.70 കോടി ചെലവിൽ 2013 ൽ സ്ഥാപിച്ച ഈ പ്ളാന്റ് 13 പഞ്ചായത്തിനും ഗുണം ചെയ്യുന്നില്ല. വർഷങ്ങളായി കുട്ടനാട്ടുകാർ കുടിവെള്ളം ഇന്ന് വരും നാളെ വരും എന്ന് കാത്തിരിക്കുകയാണെന്ന് മങ്കൊമ്പിൽ പച്ചക്കറിക്കട നടത്തുന്ന വാസു പറഞ്ഞു.

Follow Us:
Download App:
  • android
  • ios