കറ്റാനം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ എറണാകുളത്തെ ഒളിത്താവളത്തിൽനിന്ന് പൊലീസ് പിടികൂടിയത്. ജോൺസൺ പലരിൽ നിന്നായി രണ്ടു കോടി രൂപയിലധികം കൈക്കലാക്കിയതായാണ് വിവരം.

കായംകുളം: എംബിബിഎസ് കോഴ്സിന് പ്രവേശനം വാങ്ങി നൽകാമെന്ന് വ്യാജേന ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം എരുവ ജോൺസൺ വില്ലയിൽ ജോൺസൺ (42) ആണ് അറസ്റ്റിലായത്. കറ്റാനം സ്വദേശിയുടെ മകൾക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് കറ്റാനം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ എറണാകുളത്തെ ഒളിത്താവളത്തിൽനിന്ന് പൊലീസ് പിടികൂടിയത്.

പ്രതി ഇതേരീതിയിൽ പലരിൽനിന്നും രണ്ടു കോടി രൂപയിലധികം കൈക്കലാക്കി അഡ്മിഷൻ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ ഒരു വർഷത്തിലധികമായി കായംകുളത്തുനിന്നും എറണാകുളത്തും മറ്റ് സ്ഥലങ്ങളിലുമായി മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു. തൃപ്പൂണിത്തുറ ഹിൽപാലസ്, നെടുമങ്ങാട്, കരീലക്കുളങ്ങര എന്നിവിടങ്ങളിൽ സമാന രീതിയിലുള്ള കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

കുറത്തികാട് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ എഎസ്ഐ രാജേഷ് ആർ നായർ, എഎസ്ഐ. രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ശ്യാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.