ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭരണഘടനാനുസൃതമായി ഒരു ഇന്ത്യന്‍ പൗരന്റെയും / പൗരയുടെയും അവകാശമാണിത്. ഏത് ആരാധനാലയത്തിലും പ്രവേശിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട് എന്നതാണ് കമ്മീഷന്റെ നിലപാട്

തൃശൂര്‍: പുതിയൊരു പോരാട്ടമെന്ന നിലയില്‍ 'മീ ടൂ- പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. മീ ടൂ വെളിപ്പെടുത്തലുകള്‍ നിയമത്തിന്റെ വഴിയെ പോകണമെന്ന നിലപാടാണ് കമ്മീഷനുളളത്. ഇത് സംബന്ധിച്ച് കമ്മീഷന് കൂടുതല്‍ പഠിക്കാനുണ്ടെന്നും തൃശൂരില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം പറഞ്ഞു. അതേസമയം, മുകേഷ് എംഎല്‍എയ്‌ക്കെതിരായ ആരോപണം കമ്മിഷന്‍ പരിശോധിച്ച് മറുപടി പറയാമെന്നും അവര്‍ വ്യക്തമാക്കി.

ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭരണഘടനാനുസൃതമായി ഒരു ഇന്ത്യന്‍ പൗരന്റെയും / പൗരയുടെയും അവകാശമാണിത്. ഏത് ആരാധനാലയത്തിലും പ്രവേശിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട് എന്നതാണ് കമ്മീഷന്റെ നിലപാട്. 

കേരളത്തില്‍ തൊഴിലിട പീഡനങ്ങള്‍ ഏറി വരുന്നതായും വനിതാ കമ്മീഷന്‍ വിലയിരുത്തി. പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചാണ് തൊഴിലിട പീഡനങ്ങള്‍ ഏറെയെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കേരളത്തിലെ സ്വാശ്രയ, സി ബി എസ് സി, എയ്ഡഡ്, വിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപികമാര്‍ക്കെതിരെ പീഡനം വര്‍ദ്ധിച്ച് വരുന്നതായാണ് കമ്മീഷന് ലഭിച്ച പരാതികള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും അപോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കാതെയാണ് പല മാനേജ്‌മെന്റുകളും അദ്ധ്യാപികാധ്യാപകര്‍മാരെ നിയമിക്കുന്നത്. മാനേജ്‌മെന്റിന് തോന്നുമ്പോള്‍ ഇവരെ പിരിച്ചു വിടുന്നു. നിയമനടപടികള്‍ക്ക് പോലും അസാധ്യമാകും വിധം തകര്‍ന്ന് പോവുകയാണ് ഇവരില്‍ പലരും. ഇതിനൊരു മാറ്റം ഉണ്ടാവണമെന്നും എം ഡി ജോസഫൈന്‍ പറഞ്ഞു. 

സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിന്മേല്‍ ഹാജരായ തൃശൂരിലെ പ്രമുഖ വസ്ത്രവ്യാപാരി കമ്മീഷനെ കേള്‍ക്കാതെ ഇറങ്ങിപോയതിനെ കമ്മീഷന്‍ വിമര്‍ശിച്ചു. പരാതിക്കാരിയെയും വനിതാ കമ്മീഷനെയും അവഹേളിക്കുന്ന സമീപനമാണ് വസ്ത്രവ്യാപാരിയില്‍ നിന്നും ഉണ്ടായതെന്നും നമ്മുടെ നിയമസംവിധാനത്തെ വെല്ലുവിളിച്ച് സ്വന്തം കരുത്തതെന്ന് തെളിയിക്കാനാണ് വസ്ത്രവ്യാപാരി ശ്രമിച്ചതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. കമ്മീഷനെ സംബന്ധിച്ചത്തോളം പുതിയ അനുഭവമാണിത്. മനോഭാവത്തിന്റെ പ്രശ്‌നം കൂടിയാണ് ഇതില്‍. തുടര്‍നടപടികള്‍ സംബന്ധിച്ച് കമ്മീഷന്‍ ആലോചിക്കും- എം ഡി ജോസഫൈന്‍ വ്യക്തമാക്കി. 

ഭരണഘടന അതാണ് അനുശാസിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ക്രൈമുകള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കും. തൃശൂര്‍ ജില്ലയില്‍ ഇത് സംബന്ധിച്ച ശില്‍പശാല ഒക്‌ടോബര്‍ 10 ന് അന്തിക്കാട് നടക്കും. ബാലവകാശ നിയമങ്ങളെപ്പറ്റി വീട്ടമ്മാമാരെ ബോധവല്‍കരിക്കും. സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം കൈകാര്യം ചെയ്യുന്ന ഭാഷയില്‍ പോലും പിശകുണ്ടെന്നും സ്ത്രീകള്‍ക്ക് നേരെ യാതൊരു മടിയുമില്ലാതെ അസഭ്യം പ്രയോഗിക്കാന്‍ എല്ലാവരും തയ്യാറാക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.