കഴിഞ്ഞ ഏപ്രില്‍ 30ന് വയനാട് തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌ പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 11000 ഗുളികകളുമായി യുവാവ് പിടിയിലായിരുന്നു. കര്‍ണാടക ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന ഗുളികകള്‍ക്ക് പക്ഷേ രേഖകളോ കുറിപ്പടികളോ ഉണ്ടായിരുന്നില്ല. 

കല്‍പ്പറ്റ: ഡോക്ടറുടെ കൃത്യമായ കുറിപ്പടിയുണ്ടെങ്കില്‍ മാത്രം വില്‍ക്കേണ്ട ഗുളികകള്‍ അനധികൃതമായി വിറ്റ കര്‍ണാടകയിലെ മെഡിക്കല്‍ ഷോപ്പുകള്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൂട്ടി. മൈസുരു സിറ്റിയിലുള്ള ഗാന്ധി മെഡിക്കല്‍സ്, സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍സ് എന്നീ ഷോപ്പുകളുടെ ലൈസന്‍സാണ് കര്‍ണാടക ഡ്രഗ്‌സ് കണ്‍ട്രോളര്‍ റദ്ദ് ചെയ്തത്. വലിയ അളവില്‍ സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് എന്ന ഗുളികകള്‍ കേരളത്തിലേക്ക് കടത്താനായി വിറ്റതിനാണ് നടപടി. 

കഴിഞ്ഞ ഏപ്രില്‍ 30ന് വയനാട് തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌ പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 11000 ഗുളികകളുമായി യുവാവ് പിടിയിലായിരുന്നു. കര്‍ണാടക ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന ഗുളികകള്‍ക്ക് പക്ഷേ രേഖകളോ കുറിപ്പടികളോ ഉണ്ടായിരുന്നില്ല. കോഴിക്കോട് മീഞ്ചന്ത ഗിരിധാരി വീട്ടില്‍ ദീപക് ഡി. രാജ് (33) എന്നയാളാണ് അറസ്റ്റിലായത്. തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എം. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പിന്നീട് കേസ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ഷാജി ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി കര്‍ണാടക ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതരുമായി ചേര്‍ന്ന് ഗുളികകള്‍ വിറ്റതായി സംശയിക്കുന്ന മൈസുരുവിലെ മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തുകയും കര്‍ണാടക ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. 

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. ഇതാദ്യമായാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഇതര സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്. സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് പോലുള്ള ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതിന് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ ധാരാളമായി കടത്തിക്കൊണ്ടുവരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇത് തടയണമെങ്കില്‍ അവിടങ്ങളില്‍ ഇവയുടെ ലഭ്യത ഇല്ലാതാക്കുക മാത്രമാണ് ശരിയായ മാര്‍ഗ്ഗമെന്നും ഇവര്‍ പറയുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇത്തരം ഗുളികകള്‍ കൊണ്ടുവരുന്നവരിലേറെയും.

മരുന്നുകളുടെ യഥാര്‍ഥ വിലയേക്കാള്‍ ഉയര്‍ന്ന വിലക്കാണ് കര്‍ണാടകയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇവ കുറിപ്പടിയില്ലാതെ ലഭിക്കുന്നത്. കേരളത്തിലെത്തിച്ചാല്‍ ഇത് ഇരട്ടിവിലക്ക് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് രീതി. സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്നായി ഉപോയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രം നല്‍കേണ്ട മരുന്നുകളുടെ വിഭാഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇവയെപ്പെടുത്തിയിരുന്നു. അതേ സമയം മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിച്ചതോടെ ഗുളികകളുടെ കടത്ത് നിലക്കുമെന്നാണ് പ്രതീക്ഷയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.