ഒക്ടോബര്‍ 21 ന് വൈകിട്ട് 6.20ന് താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലായിരുന്നു കവർച്ച. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗോപിക(25)യുടെ മാലയാണ് കവർന്നത്.
തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തി മെഡിക്കൽ സ്റ്റോർ ജീവനക്കാരിയുടെ മൂന്നര പവന്‍റെ മാലപ്പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം ലക്ഷംവീട് കോളനിയില്‍ ശ്രീകുട്ടന്‍ എന്ന് വിളിക്കുന്ന അരുണ്‍(24), അന്തിയൂര്‍ക്കോണം പുല്ലുവിള കിഴക്കേക്കര പുത്തന്‍വീട്ടില്‍ നന്ദു എന്ന രതീഷ്(24), പെരുകുളം ബഥനിപുരം ചെവിയന്‍കോട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ മനോജ്(22) എന്നിവരാണ് പിടിയിലായത്.
ഒക്ടോബര്‍ 21 ന് വൈകിട്ട് 6.20ന് താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലായിരുന്നു കവർച്ച. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗോപിക(25)യുടെ മാലയാണ് കവർന്നത്. മുന്‍കൂട്ടി മെഡിക്കല്‍ സ്റ്റോറിലെത്തിയ പ്രതികള്‍ ജീവനക്കാരി മാത്രമാണ് ഉള്ളതെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. ഒന്നാം പ്രതി അരുണ്‍ പാരസെറ്റമോള്‍ ഗുളിക ആവശ്യപ്പെട്ടാണ് എത്തിയത്. ബാക്കി തുകക്ക് ആവശ്യപ്പെട്ട മിഠായി എടുക്കുന്നതിനിടെയായിരുന്നു കവർച്ച.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന രണ്ടാം പ്രതി രതീഷിനൊപ്പം കടന്നു കളയുകയായിരുന്നു. കടയിലെ സിസിടിവി യിൽ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്. രണ്ടാം പ്രതി നടത്തുന്ന ബൈക്ക് വര്‍ക്ക്ഷോപ്പില്‍ പണിക്ക് കൊണ്ടു വന്ന ബൈക്കിലാണ് ഇരുവരും കവര്‍ച്ചക്കെത്തിയത്. മൂന്നാം പ്രതി മനോജാണ് മോഷണമുതല്‍ വിറ്റ് നല്‍കിയത്. മറ്റ് പൊലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പൂവച്ചൽ പന്നിയോട് കോവിൽവിള ജെറിൻ ഭവനിൽ ഭിന്നശേഷിക്കാരനായ ജയന്റെ ഓട്ടോയിൽ നിന്നാണ് 4000 രൂപയും ആധാർ, ലൈസൻസ്, എ ടിഎം കാർഡ്,പണയ രസീതുകൾ, ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളും കള്ളൻ കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെ അരുമാളൂർ പള്ളിക്ക് സമീപമാണ് മോഷണം നടന്നത്. വാഹനത്തിന് സി സി അടക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് കള്ളൻ കൊണ്ട് പോയത്. കാട്ടാക്കടയിൽ നിന്നും സവാരിയുമായി ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകവേ അരുമാളൂർ പള്ളിയുടെ അടുത്ത് വാഹനം നിറുത്താൻ സവാരിക്കാർ ആവശ്യപ്പെട്ടു.
ശേഷം അടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ് സവാരി തുടർന്നു. സവാരിക്കാരെ ഇറക്കിയ ശേഷം ഇവർ നൽകിയ തുക സ്വീകരിച്ച് ബാക്കി നൽകാനായി സേഫ് തുറന്നപ്പോൾ ആണ് പഴ്സുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് തിരികെ വാഹനം നിറുത്തിയ അരുമാളൂർ ഭാഗത്ത് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപരിചിതനായ ആൾ ഓട്ടോയിൽ ഫോൺ ചെയ്ത് ഇരിക്കുന്നതും ആളുകൾ അടുത്തേക്ക് വന്നപ്പോൾ ഇറങ്ങി മറ്റൊരു സ്കൂട്ടറിൽ കയറി പോകുന്നതും കണ്ടത്.
