നെയ്യാറ്റിൻകര: വാഹനപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കൊല്ലം സ്വദേശിയും കാരക്കോണം മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർഥിയുമായ സുഖിൽ ആണ് മരിച്ചത്. നെയ്യാറ്റിൻകര കാരക്കോണത്താണ് സംഭവം.

രാത്രി ഭക്ഷണം കഴിക്കാനായി സുഹൃത്ത് ബെന്നിയുമൊത്ത് പുറത്തിറങ്ങിയതായിരുന്നു സുഖിൽ. വാഹനപരിശോധനയ്ക്കായി പൊലീസ് കൈകാണിച്ചപ്പോൾ ഇരുവരും പൊലീസിനെ വെട്ടിച്ച് കടന്നു. തുടർന്ന് പൊലീസ് വാഹനം ഒരു കിലോമീറ്ററിലേറെ ഇവരെ പിന്തുടർന്നു. പരിന്ത്രാഭരായി വാഹനത്തിന്റെ വേഗം കൂട്ടിയതോടെയാണ് കരക്കോണം കല്ലറത്തലയിൽ വച്ച് കാറ് തെങ്ങിൽ ഇടിച്ചത്. ഒപ്പമുണ്ടായിരുന്ന ബെന്നി പരിക്കേറ്റ് ചികിത്സയിലാണ്.

കാർ പിന്തുടർന്ന പൊലീസ് സംഘമാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. പൊലീസിനെ കണ്ട് അമിതവേഗത്തിൽ ഓടിച്ചു പോയതുകൊണ്ടാണ് വിദ്യാർഥികളെ പിന്തുടർന്നതെന്ന് വെളളറട പൊലീസ് പറഞ്ഞു.