തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ തല്ലുണ്ടാക്കിയതിന് പിടികൂടിയവര്‍ പൊലീസുകാരെ ആക്രമിച്ചു. സ്റ്റേഷനിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയാണ് അടിപടിയുണ്ടാക്കിയതിന് ഇവരെ പൊലീസ് പിടികൂടിയത്. പോത്തന്‍കോട് സ്വദേശി അഭിജിത്(25), കരമന സ്വദേശി പ്രവീണ്‍ കുമാര്‍(25)എന്നിവരെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‍ഫോമില്‍ വെച്ചാണ് ഇവര്‍ തമ്മില്‍ അടിയുണ്ടാക്കിയത്. തുടര്‍ന്ന് പൊലീസെത്തി ബലംപ്രയോഗിച്ച് ഇവരെ സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ ഇവര്‍ സ്റ്റേഷനിലെത്തിയ ഇവര്‍ കസേരകളും ഫയലുകളും എറിയുകയും ഇത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് ഇവരെ തടഞ്ഞത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

Read more: വിശ്വാസയോഗ്യമല്ലാത്ത പരാതിയില്‍ പുരുഷന്‍മാരെ ശിക്ഷിക്കാനാകില്ല; വനിതാ കമ്മീഷന്‍

തമിഴ്നാട് രാജാക്കമംഗലം സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്തിട്ടുണ്ട്. നാല് ദിവസം മുമ്പാണ് ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജാമ്യവ്യവസ്ഥ പാലിക്കാന്‍ രാജാക്കമംഗലം സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി തിരികെ വരുമ്പോഴാണ് ഇവര്‍ തമ്മില്‍ അടിയുണ്ടാക്കിയത്. കഞ്ചാവ് വില്‍പ്പനയും കൊലപാതക ശ്രമവുമടക്കം നിരവധി ക്രമിനില്‍ കേസുകളില്‍ പ്രതികളാണിവര്‍.