ഇത്തരത്തില്‍ ചിതറിക്കിടക്കുന്ന ചെറുകല്ലുകളില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്...

കല്‍പ്പറ്റ: കാഴ്ചയില്‍ നിസാരമെന്ന് തോന്നാമെങ്കിലും റോഡിനരികെയുള്ള മെറ്റല്‍ക്കൂനകള്‍ അപകടക്കെണികളാകുകയാണ്. റോഡ്‌ നവീകരണത്തിനായി ദിവസങ്ങള്‍ക്ക് മുന്നേ തന്നെ കരിങ്കല്‍ചീളുകള്‍ ഇറക്കുന്ന പതിവ് വയനാട്ടിലുണ്ട്. എത്ര ഇടുങ്ങിയ റോഡാണെങ്കിലും ഒരു സ്ഥലത്ത് രണ്ടും മുന്നൂം ലോഡുകള്‍ ഇറക്കിയിടുകയാണ് കരാറുകാര്‍. ഇതാകട്ടെ ദിവസങ്ങളോളം കിടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ കയറിയിറങ്ങി റോഡിലാകെ പരക്കും. 

ഇത്തരത്തില്‍ ചിതറിക്കിടക്കുന്ന ചെറുകല്ലുകളില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. വാര്‍ഡ് അംഗത്തെയോ ബന്ധപ്പെട്ടവരെയോ വിളിച്ചാലും ഫലമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2019-ല്‍ മൂലങ്കാവ്-തേലമ്പറ്റ റോഡില്‍ ഇറക്കിയിട്ട മെറ്റല്‍കൂന കാരണം നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഒരു ഓട്ടോറിക്ഷയും ഈ ഭാഗത്ത് അപകടത്തില്‍പ്പെട്ടിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് കരാറുകാരന്‍ ജെസിബിയുമായി എത്തി കരിങ്കല്‍ചീളുകള്‍ അടുത്ത പറമ്പിലേക്ക് ഒതുക്കിയത്. 

ഏറ്റവും അവസാനമായി എടക്കല്‍ വെള്ളച്ചാട്ടം റോഡില്‍ ഇറക്കിയ മെറ്റല്‍കൂനയില്‍ തെന്നി ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നെന്മേനി പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ രാമന്‍ റോഡ് നവീകരിക്കുന്നതിനായാണ് മെറ്റല്‍ ഇറക്കിയത്. തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പാണ് കല്ലുകള്‍ ഇത്തരത്തില്‍ കൂട്ടിയിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. എങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. പാതയോരത്ത് വീതിയുള്ള സ്ഥലമുണ്ടായിട്ടും കരാറുകാരന്‍ എളുപ്പം നോക്കി ഒരേ സ്ഥലത്ത് തന്നെയാണ് കരിങ്കല്‍ചീളുകള്‍ കൂട്ടിയിടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 

വീതി കുറഞ്ഞ ഭാഗത്ത് കൂട്ടിയിട്ട മെറ്റല്‍ ഇപ്പോള്‍ മറുവശത്തേക്കും പരന്നുകിടക്കുകയാണ്. രാത്രിയിലും മറ്റും എത്തുന്ന വാഹനങ്ങള്‍ക്ക് വന്‍അപകടക്കെണിയാണിത്. എടക്കല്‍ ഗുഹ കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുക്കുയാണ്. ഇത് കാരണം ഈ റൂട്ടില്‍ വാഹനങ്ങള്‍ തീര്‍ത്തും കുറവായതാണ് ആശ്വാസമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഡില്‍ തന്നെ മറ്റു രണ്ട് റോഡുകള്‍ക്ക് കൂടി സാമഗ്രികള്‍ ഇറക്കിയിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona