Asianet News MalayalamAsianet News Malayalam

ട്രെയിനിലെത്തി വീട് കുത്തിത്തുറന്ന് മോഷ്ടിച്ച് തിരിച്ചുപോകും, അറസ്റ്റ്, റിമാൻഡ്, തെളിവായത് 20-ലധികം മോഷണത്തിന്

മാവേലിക്കരയിൽ വീടുകൾ  കുത്തിത്തുറന്ന് മോഷണം നടത്തി വരവെ പൊലീസ് അറസ്റ്റു ചെയ്ത മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Middle aged man arrested in Alappuzha for burglary
Author
Kerala, First Published Dec 30, 2021, 11:59 PM IST

മാവേലിക്കര: മാവേലിക്കരയിൽ വീടുകൾ  കുത്തിത്തുറന്ന് മോഷണം നടത്തി വരവെ പൊലീസ് അറസ്റ്റു ചെയ്ത മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആലപ്പുഴ തിരുമല   വാർഡ് മുക്കോലയ്ക്കൽ മുക്കത്ത് വീട്ടിൽ ലാൽജോസഫ് (ലാലിച്ചൻ -60) ആണ് കഴിഞ്ഞ ദിവസം മാവേലിക്കര പൊലീസ് പിടികൂടിയിരുന്നു. 

മാവേലിക്കര കൊറ്റാർകാവ്, പുതിയകാവ്, റെയിൽവേസ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിലുളള വീടുകളിൽ രാത്രിയിലും, പകലും വാതിൽ കുത്തിത്തുറന്ന് മോഷണങ്ങൾ  പതിവായിരുന്നു. ഇതിനെ തുടർന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയദേവ് ഐ. പി. എസ് ന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. ഡോ. ആർ. ജോസിന്റെ മേൽനോട്ടത്തിൽ  മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച  സംഘമായിരുന്നു മോഷ്ടാവിനെ പിടികൂടിയത്. 

രണ്ടാഴ്ച മുൻപ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു തെക്ക് വശം ദളവാപുറം റോഡിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ മുരളികൃഷ്ണന്റെ വീട്ടിൽ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാവിനെ കണ്ടെത്താൻ സഹായിച്ചത്.  ഇയാൾ ട്രെയിനിൽ മാവേലിക്കരയിൽ എത്തി മോഷണം നടത്തിയ ശേഷം തിരികെ  പുലർച്ചെയുള്ള ട്രെയിനിൽ തിരികെ പോകുന്നതായി മനസ്സിലാക്കിയിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ അന്വേഷണ സംഘം രഹസ്യമായി നീരിക്ഷണം ഏർപ്പെടുത്തി. 

തുടർന്ന് 28 ന് മോഷണം നടത്താനായി ട്രെയിനിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  2019 ഡിസംബർ മാസത്തിൽ കൊറ്റാർകാവ് ഭാഗത്ത് ഒരു വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് 23 പവനോളം സ്വർണം മോഷണം നടത്തിയത്,  ഉൾപ്പെടെ ഇരുപതോളം കേസുകൾ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരുവല്ലയിൽ ഹൗസിങ് കോളനിയിൽ ഒരു വീട്ടിൽ കഴിഞ്ഞ 25 നു മോഷണം നടത്തി പണം കവർന്നതായും, മോഷ്ടിച്ചു കിട്ടുന്ന സ്വർണ്ണ ഉരുപ്പടികൾ ചേർത്തലയിലുള്ള ഒരു ജ്യൂവലറിയിൽ വിറ്റതായും  ഇയാളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. 

2011-ൽ  കോട്ടയം മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ പകൽ പിൻവാതിൽ കുത്തി തുറന്ന് മോഷണശ്രമം നടത്തിയതിന് ഗാന്ധിനഗർ പൊലീസിന് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ്‌ ഉണ്ടായിരുന്നു. പിന്നീട് തടി കച്ചവടവും, പഴയ വീടുകൾ പൊളിച്ചു വിൽക്കുന്ന ജോലിയുമായി കഴിഞ്ഞു വരുമ്പോൾ സാമ്പത്തികമായി ഞെരുക്കം ഉണ്ടാകുന്ന സന്ദർഭങ്ങളിലാണ് മോഷണത്തിനിറങ്ങിയിരുന്നത്. വെള്ള ഉടുപ്പും മുണ്ടും ധരിച്ചു കയ്യിൽ ഒരു പത്രവുമായി മാന്യമായി വസ്ത്രധാരണം ചെയ്ത്  ട്രെയിനിൽ  എത്തി പകൽ നഗരത്തിലൂടെ നടന്ന് പൂട്ടി കിടക്കുന്ന വീടുകൾ നോക്കിവക്കുകയും, തുടർന്ന് ബാറിൽ കയറി മദ്യപിക്കുകയും, സിനിമ തീയറ്ററിൽ സെക്കൻഡ് ഷോക്ക് കയറിയും സമയം ചെലവഴിച്ച ശേഷം മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ പതിവ്. 

മോഷണം നടത്താൻ കണ്ടുവച്ച വീടിനു സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഭവനഭേദനത്തിനുള്ള കമ്പിയും മറ്റും എടുക്കുന്നത്. അവിവാഹിതനായ ഇയാൾ മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപിച്ചും , ധൂർത്തടിച്ചും ചിലവാക്കുകയായിരുന്നു.   മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്‌. എസ്. ഐ. മൊഹ്‌സീൻ മുഹമ്മദ്‌, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗ്ഗീസ്‌, ഉണ്ണികൃഷ്ണപിള്ള, സി. പി. ഒ  മാരായ മുഹമ്മദ്‌ ഷഫീക്, അരുൺ ഭാസ്ക്കർ, വി.വി.ഗിരീഷ് ലാൽ  എന്നിവരാണ്  അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios