ഹരിപ്പാട് ചെറുതനയിൽ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കള്ളനോട്ടുമായി പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് നൂറു രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെടുത്തു.
ഹരിപ്പാട്: കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിയെ വീയപുരം പൊലീസ് പിടികൂടി. ചെറുതന ആയാപറമ്പ് ആലിൻചുവട് ജങ്ഷനു സമീപമുള്ള കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പശ്ചിമബംഗാൾ മാൾഡ സ്വദേശി ഭൂവൻ മണ്ഡൽ (50) ആണ് പിടിയിലായത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ഭൂവൻ മണ്ഡൽ 100 രൂപയുടെ 12 നോട്ടുകൾ നൽകി.
ഒരുമിച്ച് ഇത്രയധികം പഴയ നോട്ടുകൾ ലഭിച്ചതിലും അവയുടെ പ്രത്യേകതയിലും സംശയം തോന്നിയ കടയുടമ സുനിൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം 100 രൂപയുടെ 51 പഴയ നോട്ടുകൾ കൂടി കണ്ടെത്തി. പിടിച്ചെടുത്ത നോട്ടുകൾ ഹരിപ്പാട് എസ്ബിഐ ശാഖയിൽ പരിശോധിച്ചതിൽ കള്ളനോട്ടാണെന്ന് സ്ഥിരീകരിച്ചു. വീയപുരം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
















