മലപ്പുറത്തെ കരാര്‍ കമ്പനിയുടെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീട് നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു.

തൃശൂര്‍: കെട്ടിട നിര്‍മാണത്തിനിടയില്‍ മണ്‍കൂന ഇടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരതരമായി പരിക്കേറ്റു. അടാട്ട് ആമ്പലം കാവിലായിരുന്നു അപകടം. വീടുപണി നടക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് തൊഴിലാളികളുടെ മേല്‍ വീഴുകയായിരുന്നു. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു. മലപ്പുറത്തെ കരാര്‍ കമ്പനിയുടെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

വെസ്റ്റ് ബംഗാള്‍ പര്‍ഗാനാസ് സൗത്ത് 24, വി.ടി.സി.പി.ഒ. ധര്‍മാചടി, ദക്ഷിന്‍പാറ പശ്ചിം സുരേന്ദ്രനഗര്‍, നജീബുള്‍ റഹിമാന്‍ ഖാന്‍ (29) ആണ് മരിച്ചത്. പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന തൊഴിലാളി വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് കന്‍ കുരിയ ദിഗ്രി ജലാലുദ്ദീന്‍ മകന്‍ എസ്.കെ. ബാനു (36) അമല ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. 

ഉടനെ തന്നെ തൊഴിലാളികളെ മണ്ണിനടിയില്‍നിന്ന് എടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാള്‍ മരിച്ചു. പഞ്ചായത്തംഗം അജിത കൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മലപ്പുറത്തെ ഒരു നിര്‍മാണ കമ്പനിയാണ് പണികള്‍ നടത്തിവന്നിരുന്നത്.

Read More :  എല്ലാ പ്രാർത്ഥനകളും വിഫലം; ഇരട്ടയാർ ഡാമിൽ കാണാതായ അക്കുവിന്‍റെ മൃതദേഹം കണ്ടെത്തി, കണ്ണീരുണങ്ങാതെ നാട്