ചാരുംമൂട്: വള്ളികുന്നത്ത് തടിമില്ലില്‍ സഹായിയായിരുന്ന അതിഥി തൊഴിലാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ ദാക്ഷിന്‍ ദിനാപൂര്‍ സ്വദേശി നാരായണ്‍ ബര്‍മന്‍ (50) ആണ് മരിച്ചത്. കാഞ്ഞിരത്തുംമൂട് ജംഗ്ഷനിലുള്ള അമ്പിളി സാമില്ലില്‍ സഹായിയായി ജോലി ചെയ്തുവരുന്ന ഇയാള്‍ മില്ലിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ തനിച്ചായിരുന്നു താമസം.

ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് നാരായണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ തൊട്ടടുത്ത കടയില്‍ ചായ കുടിക്കാന്‍ എത്തിയിരുന്നു. മുറിക്കുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ അരിയും പച്ചക്കറികളും മറ്റും എടുത്ത് വച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ വയര്‍ ഭാഗത്ത് കത്തികൊണ്ടുള്ള ചെറിയ മുറിവുണ്ട്.

മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. 15 വര്‍ഷത്തോളമായി വള്ളികുന്നത്ത് ഹോളോ ബ്രിക്‌സ് കമ്പനിയിലുള്‍പ്പെടെ ജോലി ചെയ്തിരുന്ന നാരായണ്‍ മൂന്നു മാസം മുമ്പാണ് മില്ലില്‍ സഹായിയായി കൂടിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോര, വള്ളികുന്നം സിഐ കെ.എസ്. ഗോപകുമാര്‍, എസ്‌ഐ കെ.സുനുമോന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ആലപ്പുഴ നിന്നും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.