സംഭവത്തിന് ശേഷം തമിഴ്നാടിന് കടന്ന സുബിൻ ബുധനാഴ്ച വൈകിട്ട് നാട്ടിൽ തിരിച്ചെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച പൊലീസ് നായയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇടുക്കി: ഇടുക്കി ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് ആൾപ്പാർപ്പില്ലാതെ കാടു പടിച്ചു കടന്നിരുന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ സുബിൻറെ ഭാര്യ രജനിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. ആഴമേറിയ മുറിവിൽ നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്.
കല്യാണം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും തമ്മിൽ വഴക്ക് പതിവായിരുന്നു. പല പ്രാവശ്യം രജനി പിണങ്ങി സ്വന്തംവീട്ടിൽ പോയി. മർദ്ദനത്തെ തുടർന്ന് തറവാട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരികെയത്തിയത്. ഇതിന് ശേഷവും വഴക്ക് പതിവായിരുന്നു. ഈ വിവരങ്ങളാണ് രജനിയെ കൊലപ്പെടുത്തിയത് സുബിനാണെന്ന് പൊലീസ് ഉറപ്പിക്കാൻ കാരണം. സംഭവത്തിന് ശേഷം തമിഴ്നാടിന് കടന്ന സുബിൻ ബുധനാഴ്ച വൈകിട്ട് നാട്ടിൽ തിരിച്ചെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച പൊലീസ് നായയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതിനിടെ വീടിൻറെ ഭാഗത്ത് വെള്ളിയാഴ്ച സുബിൻറെ മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ചു. ഇതേത്തുടർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ കൊക്കയിൽ തെരച്ചിൽ നടത്താൻ പൊലീസ് കുട്ടിക്കാനം കെഎപി ക്യാമ്പിലെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ സംഘത്തിൻറെ സഹായം തേടി. ഇവർ നടത്തിയ പരിശോധനയിൽ തെരുവപ്പുല്ലുകൾക്കിടയിലൂടെ പുതിയതായി ആൾ നടന്നു പോയതിൻറെ ലക്ഷണങ്ങൾ കണ്ടു. ഇത് പിന്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരത്തിൽ തൂങ്ങിയ നിലയിൽ സുബിൻറെ മൃതദേഹം കണ്ടെത്തിയത്. ഉപ്പുതറ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


