മോഷ്ടിച്ച ഏലക്ക വില്‍പന നടത്തുന്നതിന് ഇയാളെ സഹായിച്ച രാജകുമാരിയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം ഉണക്ക ഏലക്കാ മോഷ്ടിച്ച് വില്‍പന നടത്തിയ ശേഷം സ്വദേശത്തേക്ക് കടന്നുകളഞ്ഞ അതിഥി തൊഴിലാളിയെ മധ്യപ്രദേശിലെത്തി ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശി മിഥിലേഷ്(30) നെയാണ് മധ്യപ്രദേശിലെ ഡിണ്ടൂരി ജില്ലയിലുള്ള നിസ്വാമാള്‍ ഗ്രാമത്തില്‍ നിന്ന് പൊലീസ് സാഹസികമായി പിടികൂടിയത്.

മഞ്ഞക്കുഴി കുത്തനാപള്ളിയില്‍ നിന്നും മോഷ്ടിച്ച ഏലക്ക വില്‍പന നടത്തുന്നതിന് ഇയാളെ സഹായിച്ച രാജകുമാരിയിലെ ഓട്ടോ ഡ്രൈവര്‍ രതീഷ്(43) നെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി മിഥിലേഷിനെ മധ്യപ്രദേശില്‍ നിന്നും പിടികൂടിയത്. പ്രതികളെ മോഷണ മുതല്‍ വില്‍പന നടത്തിയ കടയില്‍ എത്തിച്ച് ഏലക്ക വീണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കും.

ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ്, മൂന്നാര്‍ ഡിവൈ.എസ്.പി അലക്‌സ് ബേബി, ശാന്തന്‍പാറ സി.ഐ എ.സി.മനോജ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശാന്തന്‍പാറ എസ്.ഐ എം.എം.തോമസ്, എസ്.സി.പി.ഒ സെയ്ത് മുഹമ്മദ്, സി.പി.ഒ സി.വി.സനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ മധ്യപ്രദേശില്‍ നിന്ന് പിടികൂടിയത്.

Read More : 'യുകെയിൽ ജോലി, ശമ്പളം ലക്ഷങ്ങൾ'; ജോബ് വിസ ശരിയാക്കാമെന്ന് പറഞ്ഞ് നിമ്മിയും അഖിലും 22 ലക്ഷം തട്ടി, അറസ്റ്റിൽ