വന്നവരില്‍ ആരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിച്ചാല്‍ തൊഴില്‍ വകുപ്പും സാമൂഹ്യനീതി വകുപ്പും കുഴയും.

എറണാകുളം: കേരളം അതിഥി തൊഴിലാളി സൗഹൃദമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അടിസ്ഥാനപരമായ ക്ഷേമ പദ്ധതികള്‍ പോലും പൂര്‍ണ്ണമായി നടപ്പായിട്ടില്ല. പലപ്പോഴായി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഫലവത്തായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പില്‍ അടക്കം വരുന്ന വീഴ്ചകളാണ് പദ്ധതികള്‍ നടപ്പാക്കുന്നതിലും തടസമാകുന്നത്. 

ഇരുപത് വര്‍ഷത്തിലാണ് കേരളത്തില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ഒഴുക്ക് കൂടിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു കേരളത്തെ സംബന്ധിച്ച് അതിഥി തൊഴിലാളി കുടിയേറ്റം. പിന്നെ ബംഗാളില്‍ നിന്നും വരവ് തുടങ്ങി. അസാമായി, ഒഡിഷയായി, ബീഹാറായി, യുപിയായി. ഇപ്പോള്‍ ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ നിന്ന് വരെ കുടിയേറ്റം കൂടി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന തൊഴിലാളികളുടെ കണക്കെടുപ്പിനാണ് സര്‍ക്കാര്‍ ശ്രദ്ധ. എന്നാല്‍ വന്നവരില്‍ എത്ര പേര്‍ പോയി എന്നതില്‍ വ്യക്തതയില്ല. ഒപ്പം കേരളത്തില്‍ തന്നെ ഒരു സ്ഥലത്ത് വന്ന അതിഥി തൊഴിലാളി മറ്റൊരു സ്ഥലത്തേക്ക് താമസവും തൊഴിലിടവും മാറിയാലും ഇത് രേഖപ്പെടുത്തുന്നതിനും കൃത്യമായ സംവിധാനങ്ങളില്ല. വന്നവരില്‍ ആരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിച്ചാല്‍ തൊഴില്‍ വകുപ്പും സാമൂഹ്യനീതി വകുപ്പും കുഴയും.

2010ല്‍ കൊണ്ടുവന്ന ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സ്‌കീമായിരുന്നു കേരളം നടപ്പാക്കിയ പദ്ധതികളില്‍ പ്രധാനം. പെന്‍ഷനും, കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും, പ്രസവ പരിരക്ഷയുമടക്കം കൊണ്ടുവന്ന സമഗ്ര പദ്ധതി. എന്നാല്‍ കെട്ടിട നിര്‍മ്മാണ രംഗത്തിന് അപ്പുറം മറ്റ് തൊഴില്‍ മേഖലകളിലേക്ക് പദ്ധതി എത്തിയില്ല. ഇത് വിപുലപ്പെടുത്തും മുന്നെ ആവാസ് പദ്ധതി വന്നു. ഇതോടെ ആദ്യ പദ്ധതി അവതാളത്തിലായി. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ ഇപ്പോഴും പകുതിയിലേറെ തൊഴിലാളികള്‍ പുറത്താണ്. കുടുംബവുമായി വരുന്ന അതിഥി തൊഴിലാളികള്‍ക്കായുള്ള അപ്നാഘര്‍ പദ്ധതിയും കാര്യമായി മുന്നോട്ടുപോയിട്ടില്ല. ഹൃസ്വ കാല പദ്ധതികള്‍ക്കൊപ്പം ദീര്‍ഘകാല പദ്ധതികളിലും സര്‍ക്കാര്‍ ആലോചനകള്‍ പരിമിതമാണ്. 

YouTube video player


ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന

YouTube video player