പുല്‍പ്പള്ളി: പ്രളയക്കെടുതിയെ അതിജീവിക്കുന്ന വയനാട്ടില്‍ കൂട്ടമായെത്തി ദേശാടന ശലഭങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദേശാടനശലഭങ്ങള്‍ എത്തിയത് നാട്ടുകാര്‍ക്ക് കാഴ്ടയായി. കരിനീലക്കടുവ, നീലക്കടുവ, അരളി വര്‍ഗങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങളാണ് പുല്‍പ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമെത്തിയത്.

പുല്‍പ്പള്ളി പാക്കം ഗവ. സ്‌കൂള്‍ അധ്യാപികയായ പുത്തന്‍പുരയില്‍ ജൂലിയുടെ മീനംകൊല്ലിയിലെ വീട്ടിലെ ചെടികളില്‍ ഇവ കൂട്ടമായെത്തിയതോടെ ശലഭങ്ങളെ കാണാനും നിരവധിപ്പേര്‍ എത്തി. വീട്ടുമുറ്റത്തെ ചെടികളില്‍ ഇത്രയധികം ശലഭങ്ങള്‍ ഒന്നിച്ചിരിക്കുന്ന കാഴ്ച അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പൂര്‍വ്വഘട്ടങ്ങളില്‍ നിന്നും കിലുക്കിചെടി തേടിയെത്തിയതാകാം ശലഭങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണഗതിയില്‍ സെപ്തംബര്‍ ആദ്യവാരം മുതലാണ് ദേശാടന ശലഭങ്ങള്‍ പശ്ചിമഘട്ടത്തിലെത്തുന്നത്. പുല്‍പ്പള്ളിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത സുല്‍ത്താന്‍ ബത്തേരിയിലും ശലഭങ്ങള്‍ എത്തി.