നാലു പതിറ്റാണ്ടിലേറെയായി ചിയ്യാരത്ത് പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘത്തിന് മുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. സംഘത്തിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഷിജോ തളിയത്തിനെതിരെയാണ് അഴിമതി ആരോപണമുയര്‍ത്തുന്നത്

തൃശൂര്‍: തൃശ്ശൂർ ചിയ്യാരത്ത് ക്ഷീര വ്യവസായ സംഘത്തിൽ നിന്ന് പ്രസിഡന്‍റ് പാൽ മോഷ്ടിച്ച് കടത്തിയതായി ജീവനക്കാരുടെ പരാതി. കളവിന്‍റെ വീഡിയോ തെളിവ് പുറത്തുവിട്ടിട്ടും ക്ഷീര വികസന വകുപ്പ് നടപടിയെടുക്കാതെ വന്നതോടെ സംഘത്തിന് മുന്നില്‍ കര്‍ഷകര്‍ ഫ്ലക്സ് വച്ചു. അടുത്ത 21 ന് നടക്കാനിരിക്കുന്ന സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആരോപണ നാടകമെന്നാണ് പ്രസിഡന്‍റ് ഷിജോ തളിയാൻ അഞ്ചേരിയുടെ മറുപടി.

നാലു പതിറ്റാണ്ടിലേറെയായി ചിയ്യാരത്ത് പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘത്തിന് മുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. സംഘത്തിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഷിജോ തളിയത്തിനെതിരെയാണ് അഴിമതി ആരോപണമുയര്‍ത്തുന്നത്. അ‍ഞ്ച് കൊല്ലമായി ഷിജോ സംഘത്തിന്‍റെ പ്രസിഡന്‍റായിട്ട്. കഴിഞ്ഞ മാസം പാല്‍ കടത്ത് പിടികൂടിയെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം ഇങ്ങനെ: പാലു വാങ്ങാനെത്തുന്നവരോട് സ്ഥിരമായി പാലില്ലെന്ന് പറഞ്ഞയച്ചതോടെ സംശയം തോന്നി.

കയറി പരിശോധിച്ചപ്പോള്‍ കാനില്‍ പത്തിരുപത് ലിറ്റര്‍ പാലിരിക്കുന്നു. ജീവനക്കാരോട് ചോദിച്ചപ്പോള്‍ പ്രസിഡന്‍റിന് കൊണ്ടു പോകാനെന്നായിരുന്നു മറുപടി. കുറേക്കാലമായി ദിവസവും 25 ലിറ്റര്‍ കടത്തിക്കൊണ്ടു പോകാറുണ്ടെന്ന് ജീവനക്കാരും വെളിപ്പെടുത്തി. ഇതോടെ കാവലായി. വൈകാതെ സംഘത്തിന്‍റെ പിന്‍വാതിലിലൂടെ പാല്‍ കടത്ത് പിടി കൂടിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.

തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു. ഒരു മാസം അര ലക്ഷം രൂപയുടെ പാല്‍ സെക്രട്ടറി കടത്തിയിട്ടുണ്ടെന്നാണ് കര്‍ഷകര്‍ കണക്കുകൂട്ടുന്നത്. പാലു മാത്രമല്ല, നെയ്യും കാലിത്തീറ്റയും കടത്തിയിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. രാത്രി തൊട്ടടുത്ത കടകളെല്ലാം അടച്ചു പോവുമ്പോഴാണ് ഇതെന്നും നാട്ടുകാരും വെളിപ്പെടുത്തി.

YouTube video player

അടുത്ത 21ന് നടക്കാനിരിക്കുന്ന സംഘം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ പ്രചരണമെന്നാണ് ഷിജോയുടെ പ്രതികരണം. അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷകര്‍ ക്ഷീര വികസന വകുപ്പിനെ സമീപിച്ചെങ്കിലും അന്വേഷണം ഉണ്ടായിട്ടില്ലെന്ന പരാതിയും കര്‍ഷകര്‍ ഉയര്‍ത്തുന്നു. വിജിലന്‍സിനും ഇന്നലെ പരാതി നല്‍കി.

3 വ‌ർഷമായി ഭാഗ്യം തേടിയുള്ള പരിശ്രമം; അടിച്ചപ്പോൾ ചെറുതല്ല, നല്ല കനത്തില്‍ തന്നെ! കോടീശ്വരനായി മലയാളി യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം