ഏത് പ്രതിസന്ധിയിലും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി; 'ഇതുവരെ 4400 കോടി നല്‍കി'
കൂടുതല്‍ ആധുനികവത്കരണത്തിലൂടെ കെഎസ്ആര്‍ടിസി ജനകീയമായി മാറണമെന്നും മന്ത്രി ബാലഗോപാൽ.
![minister kn balagopal says about ksrtc joy minister kn balagopal says about ksrtc joy](https://static-gi.asianetnews.com/images/01h54yhpxq5t6gz8vj5rxhyq85/rush-4-30pm-delhi-120723_363x203xt.jpg)
കൊല്ലം: ഏത് പ്രതിസന്ധിയിലും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ 4700 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ഈ സര്‍ക്കാര്‍ ഇതുവരെ 4400 കോടി നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ആധുനികവത്കരണത്തിലൂടെ കെഎസ്ആര്‍ടിസി ജനകീയമായി മാറണം. കെഎസ്ആര്‍ടിസി കൊല്ലം ജില്ലയില്‍ നിന്ന് ആരംഭിച്ച രണ്ട് ജനത സര്‍വീസുകള്‍ ജനപ്രിയമായി മാറി കഴിഞ്ഞു. ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പടെ പുതിയ ബസുകള്‍ ഇറക്കും. കൊല്ലം, കൊട്ടാരക്കര ബസ് ഡിപ്പോകള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കരീപ്ര കുഴിമതിക്കാട് നിന്നും ആരംഭിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം ഫാസ്റ്റ് സര്‍വീസാണ് ആരംഭിച്ചത്. 6.25ന് കുഴിമതിക്കാട് നിന്നും പുറപ്പെടുന്ന ബസ് നല്ലില, കണ്ണനല്ലൂര്‍, കൊട്ടിയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി 8.10ന് തിരുവനന്തപുരത്തു എത്തും.
കായിക വിനോദങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറണമെന്ന് മന്ത്രി
കൊല്ലം: കായിക വിനോദങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറണമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. കരീപ്ര കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് കായിക വിനോദങ്ങള്‍ ശീലമാക്കണം. എല്ലാ പഞ്ചായത്തുകളിലേയും കളിക്കളങ്ങള്‍ നവീകരിക്കണമെന്നാണ് സര്‍ക്കാര്‍ നയം. കുട്ടികള്‍ക്ക് ഒപ്പം മുതിര്‍ന്നവരും സ്റ്റേഡിയങ്ങള്‍ പ്രയോജനപ്പെടുത്തണം. അത് സാമൂഹ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തും. കേരളത്തിന്റെ കായിക രംഗത്തെ വളര്‍ച്ചയെ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
2022-23 വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി ബാലഗോപാല്‍ അനുവദിച്ച 1.5 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് നിര്‍മാണ ചുമതല. മള്‍ട്ടി കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഓപ്പണ്‍ ജിംനേഷ്യം, ക്രിക്കറ്റ് പിച്ചുകള്‍, ഇന്റര്‍ ലോക്കിങ് നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫ്‌ലഡ് ലൈറ്റുകള്‍, മതില്‍, ലഘുഭക്ഷണശാല എന്നിവയാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കും. ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി മലയാളികളായ ലണ്ടൻ യാത്രക്കാർ