25 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 1,201 കുടുംബങ്ങള്‍ക്ക് ഈ യൂണിറ്റുകള്‍ കൈമാറാനാവുമെന്ന് മന്ത്രി.

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ ജൂലൈ 31 വരെ 3,48,026 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ്. 1,17,762 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ലൈഫ് ഭവനങ്ങളുടെ എണ്ണം 4,65,788 ആകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 1201 കുടുംബങ്ങള്‍ക്ക് ഈ യൂണിറ്റുകള്‍ കൈമാറാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

മന്ത്രി എംബി രാജേഷിന്റെ കുറിപ്പ്: ''കേരളം രാജ്യത്തിന് സമ്മാനിച്ച മഹാ മാതൃകകളിലൊന്നാണ് ലൈഫ് ഭവന പദ്ധതി. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ആവേശം പകരുന്നതാണ് പുതിയ കണക്കുകള്‍. ജൂലൈ 31 വരെ 3,48,026 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കാനായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഇതിന് പുറമേ 1,17,762 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ ലൈഫ് ഭവനങ്ങളുടെ എണ്ണം 4,65,788 ആയി മാറും. ഇതിന് പുറമേ 174 യൂണിറ്റുകളുള്ള 4 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ കടമ്പൂര്‍, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂര്‍, കൊല്ലം പുനലൂര്‍ എന്നിവിടങ്ങളിലാണ് ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഇതോടൊപ്പം 25 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. 1201 കുടുംബങ്ങള്‍ക്ക് ഈ യൂണിറ്റുകള്‍ കൈമാറാനാവും. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാം.'' 

തിരുപ്പതിയിൽ വീണ്ടും പുലി! 6 വയസുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായത് ഇന്ന് രാവിലെ