ഇന്ന് രാവിലെ പത്തു മണിയോടെയാണ് വീടിനടുത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായത്. 


കോഴിക്കോട്: പുതുപ്പാടി കാക്കവയലില്‍ രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ച നിലയില്‍. രാജസ്ഥാൻ സ്വദേശി ഓം പ്രകാശ്- രജ്ന ദമ്പതികളുടെ മകൻ മനീഷ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് സംശയിക്കുന്നത്.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് വീടിനടുത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് താമസസ്ഥലത്തിനോട് ചേര്‍ന്ന കിണറ്റില്‍ നിന്നും കുട്ടിയ കണ്ടെത്തിയത്. കിണറിന് ആള്‍മറയുണ്ടെങ്കിലും ഉയരം കുറവായതാകാം കുട്ടി വീഴാന്‍ കാരണമായതെന്നാണ് നിഗമനം. ഉടന്‍ തന്നെ നാട്ടുകാര്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കാക്കവയല്‍ ഗുളിക ഫാക്ടറിക്കുസമീപം കോട്ടേഴ്സില്‍ താമസക്കാരായ രാജസ്ഥാൻ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.