പെൺകുട്ടി ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയാണ് കല്യാൺ-ഡോംബിവ്‌ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർമാർ പെൺകുട്ടിയെ മൂന്ന് തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ഗർഭിണിയാണെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച. 17 വയസ്സുള്ള പെൺകുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടി ഗർഭിണിയാണെന്ന തെറ്റായ ഫലവും നൽകി. പിന്നീട്, മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്നു തെളിഞ്ഞു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പെൺകുട്ടി ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയാണ് കല്യാൺ-ഡോംബിവ്‌ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർമാർ പെൺകുട്ടിയെ മൂന്ന് തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ഗർഭിണിയാണെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.
പരിഭ്രാന്തരായ കുടുംബം പെൺകുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്ന് വ്യക്തമായി. സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിയുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ നൽകുകയും മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സർക്കാർ ആശുപത്രിയിലെ പരിശോധനാ രീതികളെക്കുറിച്ച് വലിയ പരാതികൾ ഉയർന്നിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് വന്നു. ഇതിന് പിന്നാലെ മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


