കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥന്റെ ബെനാമി സ്ഥാപനത്തിലാണ് ക്രൂരത നടന്നത്. അറസ്റ്റിലായ നിശാന്തിൻ്റെ പിന്നിൽ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറെന്ന് വിവരം.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്പായിൽ പീഡനം. കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥന്റെ ബെനാമി സ്ഥാപനത്തിലാണ് ക്രൂരത നടന്നത്. അറസ്റ്റിലായ നിശാന്തിൻ്റെ പിന്നിൽ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറെന്ന് വിവരം. നിശാന്തിൻ്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥൻ്റെ ബിനാമി ഇപാടുകൾ പുറത്ത് വന്നത്. കുട്ടിയുടെ ബന്ധുകളും കേസില് പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പെണ്കുട്ടി പ്രായപൂർത്തിയായതായി വ്യാജ രേഖയുണ്ടാക്കിയാണ് ബന്ധുക്കൾ ജോലിക്കെത്തിച്ചത്.
കൊച്ചിയിലെ സ്പാ ജീവനക്കാരിയെ ക്രൂരമായ പീഡിപ്പിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്കുട്ടിയെ കോവളത്ത് പീഡിപ്പിച്ചതിന്റെ വിവരങ്ങള് പുറത്തുവരുന്നത്. കോവളത്തെ ഒരു സ്പയില് ജോലി ചെയ്തിരുന്ന യുവാവിനോടൊപ്പം പെണ്കുട്ടി ഒളിച്ചോടി പോവാന് ശ്രമിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ പെണ്കുട്ടിയെ കോവളം പൊലീസ് കണ്ടെത്തി വിവരങ്ങള് പരിശോധിച്ചപ്പോഴാണ് സ്പായുടെ മറവിൽ നടന്ന ലൈംഗിക ചൂഷണം പുറത്തുവന്നത്. പെണ്കുട്ടി പഠിച്ച സ്കൂളിൽ നിന്നുമുള്ള വിവരം പൊലീസ് ശേഖരിച്ചപ്പോഴാണ് 16 വയസ് മാത്രമാണ് പ്രായമെന്ന് വ്യക്തമായത്. കൗണ്സിലിംഗിലാണ് ബന്ധുക്കളുടെ ക്രൂരതയും സ്പായിൽ നടന്ന ലൈംഗിക ചൂഷണവും കുട്ടി പറയുന്നത്. രണ്ട് സ്പാ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്കുട്ടിയുടെ ബന്ധുക്കളായ ദമ്പതികളാണ് സ്പായിൽ കൊണ്ടുവന്ന് കൈമാറിയത്. ചെന്നെയിൽ കൊണ്ടുപോയും പീഡിപ്പിച്ചു. കഴിഞ്ഞ ജൂണിലാണ് പെണ്കുട്ടിയെ കോവളത്ത് എത്തിച്ചത്.
അതേസമയം, കൊച്ചിയിലും കോവളത്തുമുണ്ടായ സംഭവങ്ങളെ തുടർന്ന് ഓപ്പറേഷന് സ്പയെന്ന പേരിൽ സംസ്ഥാന വ്യാപകമായി പൊലീസ് റെയ്ഡ് തുടരുകയാണ്. 14 കേസുകള് ഇതുവരെയെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ആകെയുള്ള 821 സ്ഥാപനങ്ങളില് 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചട്ടങ്ങള് പാലിക്കാത്ത 44 സ്പാകൾക്ക് പൊലീസ് നോട്ടീസ് നൽകി.

