മൈനസ് ഒന്ന് രേഖപ്പെടുത്തിയ ദിവസം രാവിലെ മുതല്‍ തന്നെ മൂന്നാറിലും പരിസരപ്രദേശത്തും നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. സൈലന്‍റ്‍വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും തണുപ്പ് മൈനസിനടുത്തെത്തി. 

മൂന്നാര്‍. അതിശൈത്യത്തിന്‍റെ പിടിയിലമരേണ്ട സമയം പിന്നിട്ടിട്ടും എത്തുവാന്‍ വൈകിയ തണുപ്പ് ഒടുവില്‍ മൂന്നാറിനെ (Munnar) മൈനസ് ഡിഗ്രിയിലെത്തിച്ചു. ഡിസംബറിന്‍റെ ആദ്യാവാരത്തില്‍ തന്നെ ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമായാണ് ജനുവരി അവസാനത്തോടെ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. മൂന്നാര്‍ ചെണ്ടുവര എസ്റ്റേറ്റിലാണ് മൈനസ് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ തണുപ്പ്. 

മൈനസ് ഒന്ന് രേഖപ്പെടുത്തിയ ദിവസം രാവിലെ മുതല്‍ തന്നെ മൂന്നാറിലും പരിസരപ്രദേശത്തും നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. സൈലന്‍റ്‍വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും തണുപ്പ് മൈനസിനടുത്തെത്തി. ഒരു ഡിഗ്രിയായിരുന്നു ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയില്‍ കുറഞ്ഞ താപനില മൂന്നു ഡിഗ്രിയിലെത്തിയപ്പോള്‍ തെന്മലയില്‍ എട്ട് ഡിഗ്രിയായിരുന്നു തണുപ്പ് രേഖപ്പെടുത്തിയത്. വരുനാളുകളിലും മൂന്നാറിലെ തണുപ്പ് ശക്തമാകുമെന്നാണ് കരുതുന്നത്. 

മൈനസ് നാല് ഡിഗ്രിയിലേക്ക് വരെ തണുപ്പ് താഴുന്ന മൂന്നാറില്‍ 2013 ന് ശേഷം അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. എന്നാല്‍, കോവിഡ് വ്യാപനം മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇത്തവണത്തെ തണുപ്പ് ആസ്വദിക്കുവാനുള്ള അവസരം വിനോദ സഞ്ചാരികള്‍ക്ക് നഷ്ടപ്പെടും. അതേ സമയം കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂന്നാറിന്‍റെ പരിസ്ഥിതിയില്‍ തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കിയിരിക്കുന്നത്. ജൂണ്‍ മുതല്‍ മൂന്നുമാസം വരെ നീളുന്ന കാലവര്‍ഷമാണ് മൂന്നാറിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ടെല്ലാ മാസവും മഴ പെയ്ത സാഹചര്യത്തിലാണ് ശൈത്യമെത്താന്‍ വൈകിയത് എന്നാണ് കരുതുന്നത്.