ഹരിപ്പാട് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അമ്മയും മകനും അപകടത്തിൽപ്പെട്ടു. കാർ വെള്ളത്തിൽ മുങ്ങുന്നതിനിടെ നാട്ടുകാരും ബൈക്ക് യാത്രികരും ചേർന്ന് നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ഇരുവരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. പരിക്കേറ്റ അമ്മയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം. നാട്ടുകാരുടെയും ബൈക്ക് യാത്രികരുടെയും സമയോചിതമായ ഇടപെടൽ മൂലം കാറിലുണ്ടായിരുന്ന വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഡാണാപ്പടി - കാർത്തികപ്പള്ളി റോഡിൽ അനന്തപുരം തെക്ക് ഹോട്ടൽ ബേബി ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.

ആലപ്പുഴ സ്റ്റേഡിയം വാർഡിൽ തവക്കൽ വീട്ടിൽ ഷാഹിദ (64), മകൻ മുഹമ്മദ് ആഷിഖ് (27) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുതുകുളത്തെ ആഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കാർത്തികപ്പള്ളി ഭാഗത്തുനിന്ന് വന്ന ഇവരുടെ ആൾട്ടോ കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡിന് ഇടതുവശത്തുള്ള തോട്ടിലേക്ക് മുൻഭാഗം കുത്തി വീഴുകയും തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു.

കാർ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന വേളയിൽ തുറന്നു കിടന്ന ഗ്ലാസിലൂടെ സഹായത്തിനായി മുഹമ്മദ് ആഷിഖ് കാറിന് പുറത്തേക്ക് കൈയിട്ട് വെള്ളത്തിൽ അടിക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകളുടെ നിലവിളി കേട്ടാണ് ബൈക്ക് യാത്രികരും പ്രദേശവാസികളും തോട്ടിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഏതാനും പേർ ചേർന്ന് കാർ ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കൂടുതൽ ആളുകൾ ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ നേരെയാക്കിയത്.

കാറിനുള്ളിൽ ഇതിനകം വെള്ളം നിറഞ്ഞു കഴിഞ്ഞിരുന്നു. നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്ന അപകടത്തിൽ നിന്നും സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. തോട്ടിൽ വെള്ളം കുറവായിരുന്നതും രക്ഷാപ്രവർത്തനത്തിന് സഹായകരമായി. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മുഹമ്മദ് ആഷിഖിന്റെ പരിക്ക് നിസാരമാണ്. ഷാഹിദയുടെ ശ്വാസകോശത്തിൽ വെള്ളം കയറി. എല്ലിന് പൊട്ടൽ ഉണ്ടെന്നും സംശയിക്കുന്നു. സംഭവം നടന്ന് അല്പസമയത്തിനുശേഷം സേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു.