പുഴയില്‍ 12 അടിയോളം താഴ്ചയില്‍ അജയന്റെ മൃതദേഹം കണ്ടത്തെിയത്. കാലില്‍ മുഴുവന്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയിലായിരുന്നു. അത് മുറിച്ചു മാറ്റിയാണ് മൃതദേഹം കരക്കെത്തിച്ചത്.

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. നെല്ലിക്കുന്ന് കുന്നത്ത് അജയന്റെ(30) മൃതദേഹം ആണ് ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ മുതുവാട്ട് താഴം പാലത്തിന് മുകളില്‍ സംശയാസ്പദമായ രീതിയില്‍ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും നരിക്കുനി ഫയര്‍ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയോടെയാണ് പുഴയില്‍ 12 അടിയോളം താഴ്ചയില്‍ അജയന്റെ മൃതദേഹം കണ്ടത്തെിയത്. കാലില്‍ മുഴുവന്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയിലായിരുന്നു. അത് മുറിച്ചു മാറ്റിയാണ് മൃതദേഹം കരക്കെത്തിച്ചത്.

Read More... കെഎസ്ആര്‍ടിസി ബസില്‍ യുവാവ് അപമര്യാദയായി പെരുമാറി, കൈകാര്യം ചെയ്ത് യുവതി

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.സി. മനോജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ ടീമാണ് തിരച്ചില്‍ നടത്തിയത്. അഭിലാഷ് നരിക്കുനി, മനുപ്രസാദ് പി. കെ, നിഖില്‍ മല്ലിശ്ശേരി എന്നിവരും, നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും തിരച്ചിലില്‍ പങ്കെടുത്തു.