ചാരുംമൂട്: അമ്മ വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പതിനാലുകാരനെ പൊലീസും ബന്ധുക്കളും ചേർന്ന് മണിക്കൂറുകൾക്കകം കണ്ടെത്തി. നൂറനാട് പുലിമേൽ സ്വദേശിയായ കൃഷ്ണയാണ് ഇന്ന് രാവിലെ 10.30 ഓടെ വീടുവിട്ടിറങ്ങിയത്. മകനെ കാണാതെ വന്നതോടെ അമ്മ അയൽവാസികളോട് വിവരം പറഞ്ഞു. ഇതിനകം വിവരം അറിഞ്ഞ് നൂറനാട് സി ഐ. സി ആർ ജഗദീഷും സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വീടിനു സമീപത്തെ റോഡുകളിലെ സിസിടിവികൾ പൊലീസ് പരിശോധിച്ചു. കുട്ടി ഇടപ്പോൺ ഭാഗത്തേക്ക് വന്നതായി ദൃശ്യങ്ങളിൽ നിന്നും സൂചന ലഭിച്ചു. ബന്ധുവിനെയും കൂട്ടി പൊലീസ് ഇടപ്പോണിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് 2 മണിയോടെ പവർ ഹൗസിന്റെ പരിസരത്തു നിന്നും കൃഷ്ണയെ കണ്ടെത്തുകയായിരുന്നു.