തിരുവല്ല: മനക്കച്ചിറയിലെ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. അഗ്നിശമന സേനാംഗങ്ങൾ നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞാടി ആമല്ലൂർ കാക്കത്തുരുത്ത് സ്വദേശി ഗോകുൽ(21), കോഴഞ്ചേരി നാരങ്ങാനം സ്വദേശി നിഥിൻ(21) എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് നാലരയോടെ മണിയോടെ മണിമലയാറ്റിൽ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് ഗോകുലിനെ രക്ഷിക്കാനിറങ്ങിയ നിഥിനെയും ഒഴുക്കിൽപ്പെട്ട് കാണാതായി. 

കരയിൽ നിന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ ആറ് മണിയോടെ നിഥിന്റെ മൃതദേഹവും അറരയോടെ ഗോകുലിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.