ആലപ്പുഴ: ആലപ്പുഴ ബോട്ട് ജെട്ടിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വര്‍ഗീസ് ജോണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച (ഇന്ന്) രാവിലെ ഒൻപതര  മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. 

42കാരനായ വര്‍ഗീസിനെ രണ്ടു ദിവസമായി നാട്ടില്‍ നിന്നും കാണാതായിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നോര്‍ത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. 

അതേസമയം, ചേര്‍ത്തല ചെങ്ങണ്ടപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ തൈക്കാട്ടുശേരി പഞ്ചായത്ത് നിവാസിയായ ഹേമന്തിനായി പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.  തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മിലന്തി ഭവനില്‍ പുരുഷോത്തമന്റെ മകന്‍ ഹേമന്താണ് പുഴയില്‍ ചാടിയത്. ഇന്ന്‌  രാവിലെ ഒൻപതു  മണിയോടെ ബൈക്കിലെത്തിയ ഹേമന്ത് ബൈക്ക് പാലത്തില്‍ വച്ചശേഷം പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പരപ്പേല്‍ മേഖലയിലാണ് തെരച്ചില്‍ നടക്കുന്നത്.