Asianet News MalayalamAsianet News Malayalam

ഈരാറ്റുപേട്ടയെ മോശമാക്കി ചിത്രീകരിച്ചെന്ന് ആരോപണം; എസ്.പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് എംഎല്‍എ

പൊലീസിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 50 സെന്റ് സ്ഥലം സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് വേണ്ടി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. 

MLA complains about bad remark on Erattupetta in report prepared by Kottayam SP afe
Author
First Published Oct 16, 2023, 10:34 AM IST

കോട്ടയം: പൊലീസിന്‍റെ ഉടമസ്ഥതയിലുളള ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ കോട്ടയം എസ്പിക്കെതിരെ ഇടത് എംഎല്‍എ. എസ്പി കെ.കാര്‍ത്തിക്കിനെതിരെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈരാറ്റുപേട്ടയെയാകെ മോശമായി ചിത്രീകരിച്ചു എന്ന വ്യാഖ്യാനത്തോടെ ശക്തിപ്പെടുന്ന വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് എസ്.പി.

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഏതാണ്ട് രണ്ടേ മുക്കാല്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. പൊലീസിന്റെ കൈവശമുള്ള ഈ ഭൂമിയില്‍ നിന്ന് 50 സെന്റ് സ്ഥലം സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് വേണ്ടി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം കൈമാറാനാവില്ലെന്ന് കാണിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചു. ഈ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 

Read also: കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴക്ക്,

പൊലീസുകാര്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ ഈ സ്ഥലം വേണം എന്നതടക്കം ഭൂമി വിട്ടുകൊടുക്കാതിരിക്കാന്‍ പല കാരണങ്ങള്‍ എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. അതില്‍ മതപരമായ വിഷയങ്ങളും, തീവ്രവാദ പ്രശ്നങ്ങളും നിലനില്‍ക്കുന്ന സ്ഥലമായതിനാല്‍ ഭാവിയില്‍ തീവ്രവാദ വിരുദ്ധ പൊലീസ് പരിശീലന കേന്ദ്രത്തിനും ഈ ഭൂമി ഉപയോഗപ്പെടുത്താമെന്ന്  എസ്.പി പറയുന്നു. ഈ പരാമര്‍ശം ഈരാറ്റുപേട്ടയെയാകെ മോശമായി ചിത്രീകരിക്കുന്നതാണെന്ന വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നതോടെയാണ് എസ്.പിക്കെതിരെ ഭരണമുന്നണിയുടെ ഭാഗമായ എംഎല്‍എ തന്നെ തിരിഞ്ഞിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിക്ക് എസ്.പി കൊടുത്ത റിപ്പോര്‍ട്ടിലെ പരാമര്‍ശം തികച്ചും തെറ്റാണെന്നും ബുധനാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിക്കുമെന്നും ഉദ്യോഗസ്ഥനില്‍ വിശദീകരണം തേടണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു.  എന്നാല്‍ താഴെ തട്ടില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയതെന്ന് കോട്ടയം എസ്.പി വിശദീകരിക്കുന്നു. തന്റെ റിപ്പോര്‍ട്ടിനെ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടുള്ള വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നുള്ള നിലപാടിലുമാണ് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios