അഞ്ചൽ: കൊല്ലം അഞ്ചലിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ ബൈക്കിലെത്തിയ അഞ്ചഗസംഘം തടഞ്ഞു നിർത്തി സ്വർണാഭരണങ്ങൾ അപഹരിക്കാൻ ശ്രമിച്ചതായി പരാതി. കാര്‍ യാത്രക്കാര്‍ക്ക് മർദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിൽ  അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചൽ  പഞ്ചായത്ത് മുൻ അംഗമായ ശ്യാമള വിജയനും ഭര്‍ത്താവും മകനുമാണ് ആക്രമണത്തിന് ഇരയായത്.

അഞ്ചൽ തടിക്കാട് റോഡിൽ ഒറ്റത്തെങ്ങ് ജംഗ്ഷന് സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ ഏഴ്‌ മണിയോടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഡ്രൈവിംഗ് സീറ്റിൽ നിന്ന്  ജിതിനെ അക്രമികൾ വലിച്ചു പുറത്തിറക്കി മർദ്ദിക്കുകയും സ്വർണാഭരണങ്ങൾ ഊരി എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളം വച്ചതോടെ നാട്ടുകാര്‍ എത്തി. ഇതിനിടയില്‍ കാറിന്‍റെ താക്കോൽ നശിപ്പിച്ചശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. താക്കോല്‍ ഒടിഞ്ഞതോടെ റോഡില്‍ നിന്ന് മാറ്റാനാകാതെ കിടന്ന വാഹനം പിന്നീട് പൊലീസ് എത്തിയാണ് മാറ്റിയത്.