Asianet News MalayalamAsianet News Malayalam

'ഏത് ജാമറും ഉപ്പിട്ട് ജാമാക്കും': ലക്ഷങ്ങൾ മുടക്കി സുരക്ഷയൊരുക്കിയാലും ജയിലിൽ അത് പൊളിയും

ജാമറുകളെ പ്രവർത്തനരഹിതമാക്കാൻ ഉപ്പാണ് പ്രധാന ആയുധം. ക്യാമറയുടെ കണ്ണുവെട്ടിക്കാന്‍ തടവുകാർ ചെളി, പേസ്റ്റ്, പെയിന്‍റ്  തുടങ്ങി പലതും ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 

mobile jammers malfunctioned in salt attack by prisoners inside jail
Author
Kannur, First Published Jun 26, 2019, 5:08 PM IST

കണ്ണൂര്‍: കണ്ണൂര്‍: ജയിലുകളിൽ സുരക്ഷാവീഴ്ചയുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയും ജയിലുകളിൽ ജാമറുകൾ സ്ഥാപിക്കുമെന്ന് സഭയിൽ പറയുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് നേരത്തേ സ്ഥാപിച്ച മൊബൈല്‍ ജാമറുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യമുയരുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ  2007ല്‍ സ്ഥാപിച്ച ജാമറുകള്‍, തടവുകാരുടെ ആക്രമണത്തില്‍, വെറും ആറുമാസം കൊണ്ടാണ് പണിമുടക്കിയത്. 

ജയിലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാവലിനെ നിഷ്പ്രഭമാക്കാന്‍ തടവുകാര്‍ ഉപയോഗിക്കുന്നത് പല മാര്‍ഗങ്ങളാണെന്നാണ് നിരീക്ഷണം. ജാമറുകളെ പ്രവർത്തനരഹിതമാക്കാൻ ഉപ്പാണ് പ്രധാന ആയുധം. ക്യാമറയുടെ കണ്ണുവെട്ടിക്കാന്‍ തടവുകാർ ചെളി, പേസ്റ്റ്, പെയിന്‍റ്  തുടങ്ങി പലതും ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഭൂമിയ്ക്കടിയിലൂടെ പോവുന്ന കേബിളുകള്‍ മുറിച്ച് നശിപ്പിക്കുന്നതും അടുക്കളയില്‍ നിന്ന് മോഷ്ടിക്കുന്ന ഉപ്പ് ഉപയോഗിച്ച് മൊബൈൽ ജാമറുകളുടെ യന്ത്രഭാഗങ്ങള്‍ കേടുവരുത്തുന്നതും പതിവായിരുന്നു. 

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂർ സെൻട്രൽ ജയിലിൽ 20 ലക്ഷം മുടക്കിയാണ് മൊബൈൽ ജാമറുകള്‍ സ്ഥാപിച്ചത്. എന്നാല്‍ തടവുകാരുടെ ഉപ്പ് പ്രയോഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍  ജാമറുകള്‍ക്ക് സാധിച്ചില്ല. 2007-ൽ സ്ഥാപിച്ച ജാമറിന് വെറും ആറുമാസമാണ് ആയുസ്സുണ്ടായത്. വിവിധ ബ്ലോക്കുകള്‍ക്കിടയിലൂടെ സ്ഥാപിച്ച അതിന്റെ കേബിളുകളാണ് തടവുകാര്‍ ആദ്യം മുറിച്ചത്. മുറിഞ്ഞ കേബിളുകള്‍ വീണ്ടും പൂർവ്വസ്ഥിതിയിലാക്കിയതോടെ ഉപ്പുപയോഗിച്ച് ജാമറുകളുടെ യന്ത്രഭാഗങ്ങള്‍ കേടുവരുത്താന്‍ തുടങ്ങിയത്. 

ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ശേഖരിക്കുന്നതും അടുക്കളയില്‍ നിന്ന് ഉപ്പ് മോഷ്ടിക്കുന്നതുമായിരുന്നു യന്ത്രഭാഗം കേടുവരുത്താനുള്ള ആദ്യപടി. ദിവസങ്ങള്‍ കൊണ്ട് ശേഖരിക്കുന്ന ഉപ്പ് യന്ത്ര ഭാഗങ്ങളില്‍ നിറയ്ക്കുന്നത് പതിവാകും. ഇതോടെ ജാമറുകള്‍ പതിയെ പണിമുടക്ക് ആരംഭിക്കും. ഇത്തരത്തില്‍ കേടുവന്ന മൊബൈൽ ജാമറുകള്‍ പിന്നീടിതു വരെ പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജയിലുകളില്‍ സുരക്ഷാ വീഴ്ച പതിവായതോടെ കൂടുതല്‍ സാങ്കേതിക മികവുള്ള മൊബൈൽ ജാമറുകള്‍ സ്ഥാപിക്കണമെന്നാണ് ജയില്‍ വകുപ്പ് ആവശ്യപ്പെടുന്നത്. 

തടവുപുള്ളികള്‍ മൊബൈല്‍ഫോണും ലഹരിവസ്തുക്കളും  ഉപയോഗിക്കുന്നതായി ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മിന്നൽ റെയ്‌ഡുകളിൽ വെളിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കവാടങ്ങളുടെ സുരക്ഷ ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ 'സ്കോര്‍പിയോൺ' ടീമിന് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തടവുകാരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മിന്നൽ പരിശോധനകൾ തുടരുമെന്നും  മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios