Asianet News MalayalamAsianet News Malayalam

കുറഞ്ഞ ചെലവിൽ പലചരക്ക് ഉല്‍പ്പന്നങ്ങളെന്ന വാഗ്‍ദാനം; മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ പ്രവർത്തനം അവതാളത്തില്‍

കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് പലചരക്ക്  ഉല്‍പ്പന്നങ്ങള്‍ നേരിട്ട് എത്തിക്കാനായി തുടങ്ങിയ മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ.

Mobile Triveni stores in crisis
Author
kochi, First Published Jan 21, 2019, 11:08 AM IST

കൊച്ചി: കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് പലചരക്ക്  ഉല്‍പ്പന്നങ്ങള്‍ നേരിട്ട് എത്തിക്കാനായി തുടങ്ങിയ മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. സംസ്ഥാനത്ത് 2011 മുതൽ പ്രവർത്തിച്ചിരുന്ന 141 മൊബൈൽ ത്രിവേണി സ്റ്റോറുകളിൽ നിലവിൽ പ്രവർത്തിക്കുന്നത് 60 എണ്ണം മാത്രമെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിൽ ഒരൊറ്റ മൊബൈൽ ത്രിവേണി സ്റ്റോർ പോലും പ്രവർത്തിക്കുന്നില്ല.

സൂപ്പർമാർക്കറ്റോ ആവശ്യത്തിന് വ്യാപാര സ്ഥാപനങ്ങളോ ഇല്ലാത്ത മലയോര - ആദിവാസി മേഖലകളിൽ ഉൾപ്പടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിരുന്നു സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ. പലവ്യഞ്ജനങ്ങൾ മിതമായ നിരക്കിൽ ആവശ്യക്കാരിലേക്ക്, ആഴ്ചയിലോരോ ദിവസമെന്ന കണക്കിൽ വിവിധ പ്രദേശങ്ങളിലുമെത്തും. 2011ൽ അന്നത്തെ സർക്കാർ അവതരിപ്പിച്ച പദ്ധതി വഴി സംസ്ഥാനത്തുടനീളം സർവ്വീസ് നടത്തിയിരുന്നത് 141 മൊബൈൽ ത്രിവേണി സ്റ്റോറുകൾ. എന്നാൽ നിലവിലുള്ളത് 60 എണ്ണം മാത്രം.

ജില്ല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരം: കണ്ണൂർ 2, കോഴിക്കോട് 5, മലപ്പുറം 2, പാലക്കാട് 6, തൃശൂർ 5, കോട്ടയം -10,പത്തനംതിട്ട 3, ആലപ്പുഴ 4 ,കൊല്ലം 11,തിരുവനന്തപുരം 12 എണ്ണം. എറണാകുളം ജില്ലയിൽ ഒരൊറ്റ എണ്ണം പോലും സർവ്വീസ് നടത്തുന്നില്ല. ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ വാഹനങ്ങൾ വലിയ തുക വീണ്ടും ചിലവാക്കിയാണ് സ്റ്റോറുകളാക്കി മാറ്റിയെടുത്തത്. പലയിടത്തും ലാഭകരമല്ലാത്തത് കൊണ്ടാണ് മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ എണ്ണം കുറച്ചതെന്നാണ് കൺസ്യൂമർ ഫെഡിന്‍റെ പ്രതികരണം. നഷ്ടത്തിലായ സ്ഥലങ്ങളിലെ വാഹനങ്ങൾ ലേലം ചെയ്തതായും അധികൃതർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios