മുട്ടം: അപകട സൈറൺ മുഴക്കി മുട്ടം പോളിടെക്നിക്കിലേക്ക് ഫയർഎഞ്ചിനുകളും ആംബുലന്‍സും പാഞ്ഞെത്തി. ആരോഗ്യ വകുപ്പിന്റെ വാഹനങ്ങളും പൊലീസും കൂടെയെത്തിയതോടെ കുറെ സമയത്തേക്ക് എങ്ങും ആശങ്കയുടെ മുഖങ്ങള്‍. പരിഭ്രാന്തരായ ആളുകൾ ഫയർ സ്റ്റേഷനിലേക്ക് വിളിച്ചന്വേഷിച്ചപ്പോളാണ് അമ്പരപ്പ് മാറിയത്.

ദുരന്തനിവാരണ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ അഗ്നിരക്ഷാ നിലയത്തിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെട്ട മോക്ഡ്രില്ലിനാണ് മുട്ടം പോളിടെക്നിക്ക് സാക്ഷിയായത്. 100 ഓളം വിദ്യാർത്ഥികളും അധ്യാപകരും മോക്ഡ്രില്ലിന്റെ ഭാഗമായി. കെട്ടിടം തകരുന്ന സാഹ്യചര്യത്തിൽ അപകടരഹിതമായി സൂരക്ഷിത സ്ഥലത്ത് എത്തുകയും, വിദ്യാർത്ഥികൾ ഉൾപെടുന്ന സെർച്ച് ആൻറ് റെസ്ക്യൂവിന്‍റെ സഹായത്തോടെ അപകടത്തിൽപെട്ട വിദ്യാർത്ഥികളെ പ്രഥമ ശുശ്രൂഷ നൽകി രക്ഷപെടുത്തുന്ന വിധമാണ് അവതരിപ്പിക്കപെട്ടത്.

കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് സ്ട്രച്ചറിന്റെയും റോപ്പിന്റെയും സഹായത്തോടെ കുട്ടികളെ ഇറക്കിയതും ആരവത്തോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. കൂടാതെ അഗ്നി പ്രതിരോധം എക്സ്റ്റിൻഗ്യൂഷർ പ്രവർത്തനം എന്നിവയും പ്രദർശിപ്പിച്ചു. മുട്ടം ഗവൺമെൻറ് ഹോസ്പിറ്റൽ മെഡിക്കൽ ടീം അംഗങ്ങളും മുട്ടം പൊലീസും മോക്ഡ്രില്ലിന്റെ ഭാഗമായി പങ്കെടുത്തു.

സ്റ്റേഷൻ ഓഫീസർ പി വി രാജൻ, ഫയർ ഓഫീസർമാരായ എം വി മനോജ്, റ്റി റ്റി അനീഷ് കുമാർ, പി ജി സജീവൻ, പ്രശാന്ത്, രാഗേഷ്, അയൂബ്, ജിജോ ഫിലിപ്പ്, എം എച്ച് സർ, നിബിൻ ദാസ് എന്നിവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.