വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ വിവിധ  സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മോക്ഡ്രില്‍ നാട്ടുകാര്‍ക്ക് കൗതുകമായി. 


തിരുവനന്തപുരം: വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മോക്ഡ്രില്‍ നാട്ടുകാര്‍ക്ക് കൗതുകമായി. വാമനപുരം നദിയിലെ കുത്തൊഴുക്കില്‍ വീണുപോയവരെ രക്ഷിക്കുന്നതും വെള്ളപ്പൊക്കമുണ്ടായ പ്രദേശത്തുനിന്ന് ആളുകളെ ദുരിതാശ്വാസക്യാമ്പിലേയ്ക്ക് മാറ്റുന്നതും എങ്ങനെയെന്നാണ് അവതരിപ്പിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

മോക് ഡ്രില്ലിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജില്ലാകളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വാമനപുരം ആറിനോട് ചേര്‍ന്നുകിടക്കുന്ന നഗരസഭയിലെ കൊട്ടിയോട് പ്രദേശത്തെ 70 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നഗരസഭയുടെ അറിയിപ്പ് നടത്തി. ഒഴുക്കില്‍പ്പെട്ടയാളെ സുരക്ഷാ ഉപകരണങ്ങളെറിഞ്ഞുകൊടുത്ത് കരയ്ക്കെത്തിച്ചു.

കരയ്ക്കെത്തിയപ്പോഴേക്കും കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ വൈകി. ഉടന്‍തന്നെ പോലീസ് ജീപ്പില്‍ ഇയാളെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിക്കുന്നതും ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ദുരുതാശ്വാസക്യാമ്പിലേക്ക് പ്രദേശത്തെ കുടുംബങ്ങളെ മാറ്റുന്നത് അവതരിപ്പിച്ചു. 

കൊവിഡ് ജാഗ്രത നിലനല്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് നാട്ടുകാരെ മാറ്റിനിര്‍ത്തി. ദുരിതാശ്വാസക്യാമ്പില്‍ 65 വയസിനുമേലുള്ളവരെയും, 10 വയസില്‍ താഴെയുള്ളവരെയും, സ്ത്രീകളെയും, പുരുഷന്മാരെയും വെവ്വേറെ ഇടങ്ങളിലാണ് പാര്‍പ്പിച്ചത്. പ്രദേശത്ത് ഹോം ക്വാറന്റൈനീലുണ്ടായിരുന്ന മൂന്നുപേരെ വലിയകുന്ന് സ്റ്റേഡിയം ഹോസ്റ്റിലിലേക്ക് മാറ്റുന്നതും അവതരിപ്പിച്ചു. 

പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നാട്ടുകാര്‍ക്ക് നേരത്തേ ലഭ്യമാക്കിയിരുന്നതിനാല്‍ ആശങ്കകളില്ലാതെ കൗതുകത്തോടെ ആളുകള്‍ പരിപാടികള്‍ വീക്ഷിച്ചു. റവന്യുവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, സിവില്‍സപ്ലൈസ്, നഗരസഭ, ഗ്രാമവികസനവകുപ്പ്, മോട്ടോര്‍വാഹനവകുപ്പ്, കെ.എസ്.ഇ.ബി എന്നിവ സംയ്ുക്തമായി മോക് ഡ്രില്ലില്‍ പങ്കെടുത്തു.